ടൂറിസം മേഖലയിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ടൂറിസം മേഖലയുടെ സുഗമവും ശാസ്ത്രീയവുമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എ.ഡി.എമിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ടൗണ്‍ പ്ലാനര്‍ കണ്‍വീനറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി ഡയക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി അറിയിച്ചു. സുല്‍ത്താന്‍ബത്തേരി പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി മരക്കടവ്, റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ പൊതുജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
കൈനാട്ടി ട്രാഫിക് സിഗ്‌നലുകളുടെ അപാകതകള്‍ പരിഹരിച്ച് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എ മജീദ് യോഗത്തില്‍ ആവശ്യപ്പെട്ടു. പുഴയുടെയും തോടുകളുടെയും ഓരങ്ങളില്‍ നിര്‍മിച്ച വീടുകളുടെ സുരക്ഷയ്ക്കായി സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കണമെന്നും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വന മേഖലയില്‍ നിര്‍മിക്കുന്ന ഫെന്‍സിങ് പ്രവൃത്തികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ തലത്തില്‍ ടി.ആര്‍.ഡി.എം മിഷന്‍ പ്രകാരം സ്ഥലം വാങ്ങി പൂര്‍ത്തീകരിച്ച് വീടും അടിസ്ഥാന സൗകര്യങ്ങളും നല്‍കിയിട്ടും പല വീടുകളിലും ആളുകള്‍ താമസിക്കാത്ത സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കമാലുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
