കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
തൃശൂര്‍: ഒരിക്കല്‍ കേരളക്കരയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ശ്രുതി ഇന്ന് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരായ ഒന്‍പത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ സന്ദീപ് താലിചാര്‍ത്തി. വയനാട് കലക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് ശ്രുതിയുടെ ജീവിതപങ്കാളിയായത്.വേദനകളുടെ വഴികളിലൂടെ ഏറെ ദൂരം തനിച്ചുനടന്ന ശ്രുതിയുടെ വിവാഹത്തിന് സാക്ഷിയാകാന്‍ മുന്‍ മന്ത്രി കെ. രാജനും എത്തിയിരുന്നു. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത കെ. രാജന്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.മാനന്തവാടി പെരുവക മുത്തപ്പന്‍ മടപ്പുരയിലെ ശങ്കരന്റെയും സത്യഭാമയുടെയും മകനാണ് സന്ദീപ്
2024 ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും കുടുംബത്തിലെ ഒന്‍പത് പേരെയും നഷ്ടമായ ശ്രുതിയുടെ ജീവിതത്തില്‍ മറ്റൊരു ദുരന്തം കൂടിയെത്തി. വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ശ്രുതി വീണ്ടും തീരാവേദനയിലായി. തകര്‍ന്നുപോയ ജീവിതത്തെ പതിയെ തിരിച്ചുപിടിക്കാന്‍ ശ്രുതിക്ക് കരുത്തായത് കേരളത്തിന്റെ ചേര്‍ത്തുപിടിക്കലായിരുന്നു.
2024 ഡിസംബറില്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ശ്രുതി വേദനകള്‍ക്കിടയിലും ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയായിരുന്നു. അന്ന് കണ്ണീരോടെ ശ്രുതിക്കൊപ്പം നിന്ന കേരളം ഇന്ന് അവളുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്.
എല്ലാം അറിഞ്ഞുകൊണ്ടാണ് സന്ദീപ് തന്റെ കൈപിടിച്ചതെന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണമെന്നാണ് പ്രാര്‍ഥനയെന്നും ശ്രുതി പറഞ്ഞു. പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ കടക്കുകയാണെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സന്ദീപും പ്രതികരിച്ചു.
ശ്രുതിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിട്ടുണ്ടെന്നും ഈ സന്തോഷനിമിഷത്തിലും പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കെ. രാജന്‍ പറഞ്ഞു.
ഒരിക്കല്‍ കേരളം ഒന്നാകെ ശ്രുതിക്കുവേണ്ടി കണ്ണീര്‍ പൊഴിച്ചു. ഇന്ന് അതേ കേരളം അവള്‍ക്കുവേണ്ടി മനസ്സുനിറഞ്ഞ് പ്രാര്‍ഥിക്കുകയാണ്. നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറം സ്‌നേഹവും പ്രതീക്ഷയും ചേര്‍ത്തുവെച്ച് ശ്രുതി വീണ്ടും ജീവിതത്തിലേക്ക് നടക്കുമ്പോള്‍... ആ കൈകള്‍ ചേര്‍ത്തുപിടിച്ച സന്ദീപിനും ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇനി ശ്രുതിയുടെ ജീവിതത്തില്‍ കണ്ണീരിനേക്കാള്‍ സന്തോഷത്തിന്റെ നിമിഷങ്ങള്‍ നിറയട്ടെ...
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
