ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
ബത്തേരി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ അമരക്കുനിയില്‍ മാനിനെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ മുന്‍ ആനവേട്ട കേസ് പ്രതിയുള്‍പ്പെടെ നാല് പേരെ വനംവകുപ്പ് വിജിലന്‍സ് സംഘം പിടികൂടി. അമരക്കുനി സ്വദേശി ദേവശ്ശേരിയില്‍ സോമന്‍ (63), പള്ളിക്കുന്ന് നിവാസികളായ അമ്പലമൂട്ടില്‍ നിഖില്‍ (26), പുന്നത്തനം റോഷി (54), പുന്നത്തനം ജോയല്‍ ജോസ് (36) എന്നിവരാണ് പിടിയിലായത്.സോമന്റെ വീട്ടില്‍ മാനിറച്ചിയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ ഫോറസ്റ്റ് വിജിലന്‍സ് ടീമും ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.പുള്ളിമാനിനെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ഉപയോഗിച്ച കേബിള്‍ വയറുകള്‍, കമ്പികള്‍, മാനിന്റെ ശരീരഭാഗങ്ങള്‍, കട്ടിംഗ് കത്തികള്‍, രക്തം പുരണ്ട പ്ലാസ്റ്റിക് ഷീറ്റ് എന്നിവ സോമന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
സോമനൊപ്പം ഇറച്ചി പങ്കിട്ടെടുത്ത നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ തിരത്തോക്കും കണ്ടെത്തി. തോക്ക് കമ്പളക്കാട് പോലീസിന് കൈമാറി.
കല്‍പ്പറ്റ വിജിലന്‍സ് ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഗൗരി വി. ആര്‍, ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുന്ദരേശന്‍ പി. വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. കെ രാജീവ് കുമാര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
