സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
കല്‍പ്പറ്റ: സംസ്ഥാന ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് പി.എസ്.സി വഴി പുതുതായി 264 ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയപ്പോള്‍ വയനാട് ജില്ലയ്ക്ക് ലഭിച്ചത് കേവലം ഒരു നിയമനം മാത്രം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച പുതിയ നിയമന ഉത്തരവിലാണ് മലയോര ജില്ലയായ വയനാടിനോടുള്ള ഈ കടുത്ത അവഗണന വ്യക്തമാകുന്നത്.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായി ഒരാളെ മാത്രമാണ് ജില്ലയില്‍ ആകെ നിയമിച്ചത്. ഇദ്ധേഹമാകട്ടെ പി.ജി വിദ്യാര്‍ത്ഥി ആയതിനാല്‍ പഠനം തുടരാന്‍ തീരുമാനിച്ചാല്‍ ആ നിയമനംമൂലവും ഫലത്തില്‍ ആശുപത്രിക്ക് ഗുണം ലഭിക്കാതെ വരും.
മറ്റു ജില്ലകളില്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി പത്തും ഇരുപതും അതിലധികവും ഡോക്ടര്‍മാരെ പോസ്റ്റ് ചെയ്തപ്പോഴാണ് വയനാടിനോട് ഈ വിവേചനം കാണിച്ചിരിക്കുന്നത്.
വയനാട്ടില്‍ ഒഴിവുകള്‍ കുറവാണെന്നതിനാലാണ് നിയമനം നടക്കാഞ്ഞതെന്നാണ് അറിയാന്‍ കഴിയുന്നത്.
തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാരണം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പൊതുജനാരോഗ്യ പിന്തുണ ആവശ്യമുള്ള ജില്ലകളിലൊന്നാണ് വയനാട്. നിലവില്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മതിയായ ഡോക്ടര്‍മാരില്ലാതെ രോഗികള്‍ ദുരിതത്തിലാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ അയല്‍ ജില്ലകളിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റേണ്ടി വരുന്നു.
ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടുന്ന വയനാട്ടിലെ സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കേണ്ട പുതിയ നിയമന ഉത്തരവിലും ജില്ല പൂര്‍ണ്ണമായും തള്ളപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്ന ജില്ലയിലെ ആരോഗ്യ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
