വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
കല്‍പ്പറ്റ: വയനാട് ഉള്‍പ്പെടെയുള്ള മൂന്ന് ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റില്ലെന്ന് ആരോഗ്യ മന്ത്രി. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ആരോഗ്യമേഖല നേരിടുന്ന ഡോക്ടര്‍മാരുടെ കടുത്തക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. പുതിയ തീരുമാനംവയനാടിന് ആശ്വാസമായി മാറുമെന്നുറപ്പാണ്.
വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് കാലങ്ങളായി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. തണുപ്പും ഭൂമിശാസ്ത്രപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി മലയോര മേഖലകളിലേക്ക് നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ വരാന്‍ മടിക്കുന്നതും, എത്തുന്നവര്‍ തന്നെ പെട്ടെന്ന് സ്ഥലം മാറിപ്പോകുന്നതുമാണ് ജില്ലയിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധിക്ക് പുതിയ തീരുമാനത്തോടെ പരിഹാരമാകും.
വയനാട്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇനി പുതുതായി നിയമിക്കപ്പെടുന്നവരെയും മറ്റ് ജില്ലകളിലേക്ക് മാറ്റില്ല.
കൂടാതെ ഈ തീരുമാനം വഴി വയനാട്ടിലെ പ്രധാന ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാന്‍ സാധിക്കും. നിയമനം ലഭിക്കുന്നവര്‍ ജില്ലയില്‍ തന്നെ തുടരുമെന്നതിനാല്‍ വിദൂര ഗ്രാമങ്ങളിലടക്കം മികച്ച ചികിത്സാ സൗകര്യം ലഭ്യമാകും.
തണുപ്പാണ് എന്നതടക്കമുള്ള ന്യായങ്ങള്‍ പറഞ്ഞ് മലയോര ജില്ലകളിലേക്ക് വരാതിരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം, ഈ നിയന്ത്രണം എത്ര കാലത്തേക്കാണെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, വയനാടന്‍ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
