പ്രത്യേക കാര്‍ഷിക മേഖല വയനാടിന്റെ സമഗ്രമാറ്റത്തിന് വഴിയൊരുക്കും : മന്ത്രി വി.എസ്.സുനില്‍കുമാര്‍

ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപമായി. ഇതു സംബന്ധിച്ച് ഉന്നത തല യോഗം കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാനന്തവാടി ആര്‍.ഡി.ഒ ഓഫീസില്‍ നടന്നു. ഈ വര്‍ഷം പ്രാഥമിക ഘട്ടമെന്ന നിലയില്‍ 115 ലക്ഷം രൂപ നെല്‍കൃഷി മേഖലയ്ക്കും 20 ലക്ഷം രൂപ പൂക്കൃഷിയ്ക്കും വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പണം ലഭ്യമായ സാഹചര്യത്തില്‍ ഇനി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കും. സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് മുന്‍കൈയ്യെടുക്കണം. പ്രത്യേക കാര്‍ഷിക മേഖലയാക്കുമ്പോള്‍ പരമ്പരാഗത നെല്ല് വിത്ത് സംരക്ഷണം, പൂക്കൃഷി, പഴം കൃഷി എന്നിവയ്ക്കാണ് സോണ്‍ രൂപവത്കരിക്കുന്നത്. വയനാടിന്റെ തനത് നെല്ലിനങ്ങള്‍, സുഗന്ധനെല്‍കൃഷി, പരമ്പരാഗത നെല്ല് വിത്തുകളുടെ സംരക്ഷണം, ചെറുധാന്യങ്ങളുടെ ഉത്പാദനം ,നെല്‍ക്കൃഷി വ്യാപനം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുക. ആദിവാസി കൃഷിമേഖലയുമായി ബന്ധപ്പെട്ട സര്‍വേ കൃഷി വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദിവാസി മേഖലയ്ക്കും അവരുടെ വരുമാനത്തിനും പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പഴക്കൃഷി പത്തു പഞ്ചായത്തുകളിലാണ് പരീക്ഷണ ഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്ന് മറ്റ് പഞ്ചായത്തുകളിലേക്കും ഇവ വ്യാപിപ്പിക്കും. 10 ഫ്രൂട്ട് വില്ലേജുകളാണ് ജില്ലയില്‍ സ്ഥാപിക്കുക. പുല്‍പ്പള്ളി, മുള്ളന്‍കെ#ാല്ലി, അമ്പലവയല്‍, ബത്തേരി, മൂപ്പൈനാട്, തവിഞ്ഞാല്‍, തെ#ാണ്ടര്‍നാട് , എടവക, പടിഞ്ഞാറത്തറ, മേപ്പാടി പഞ്ചായത്തുകളാണ് പഴകൃഷിക്ക് തെരഞ്ഞെടുത്തത്.
അവക്കാഡോ(വെണ്ണപ്പഴം) റംബൂട്ടാന്‍, ലിച്ചി ,മാങ്കോസ്റ്റിന്‍, പാഷന്‍ ഫ്രൂട്ട് എന്നിവയാണ് കൃഷിചെയ്യുക. ലഭ്യമായ റംബൂട്ടാന്‍ തൈകള്‍ ഉപയോഗിക്കാനും ബാക്കി പപ്പായ കൃഷി ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ബത്തേരിയിലെ മാര്‍ക്കറ്റ്, വയനാട്ടിലെ പാക്ക് ഹൗസ് , മില്ല് എന്നിവ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, കൃഷി വകുപ്പ് ഡയറക്ടര്‍ സുനില്‍കുമാര്‍, ഡോ.രാജശേഖരന്‍ നായര്‍ , സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി.എച്ച്.മെഹര്‍ബാന്‍, ബന്ധപ്പെട്ട ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍