ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31 ന്
കല്‍പ്പറ്റ: ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബര്‍ 31 ന് നറുക്കെടുപ്പ് നടക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് 149 ഗുണഭോക്താക്കള്‍ക്കായുള്ള നറുക്കെടുപ്പ് നടക്കുക. നവംബറില്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും വിധത്തില്‍ ടൗണ്‍ഷിപ്പിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ഡി.എം.എ കോ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് (അഡ്രസ് മാറ്റം), വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വീട് കൈമാറുമ്പോള്‍ തന്നെ നല്‍കാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുകയാണന്ന് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി യോഗത്തില്‍ അറിയിച്ചു. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറുന്നത്.വീടുകളുടെ രണ്ടാംഘട്ട വിതരണ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ഷിപ്പിലെ ആകെ വീടുകളുടെ എണ്ണം 327 ആകും.
ടൗണ്‍ഷിപ്പിലും കല്‍പ്പറ്റ നഗരസഭ പരിധിയിലും മഴവെള്ളക്കെട്ട് ഒഴിവാക്കാന്‍ സി.ഡബ്ല്യു.ആര്‍.ഡി.എമിന്റെ നേതൃത്വത്തില്‍ സമഗ്ര പഠനം നടത്തും. റോഡ്‌ഡ്രെയിനേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയും ഡി ഡി എം എ വിദഗ്ദ്ധരും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിച്ച 26 കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി എത്തുന്നതിന് സാഹചര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. കള്ളാടി മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ 2.10 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്താന്‍ ഒക്ടോബര്‍ 31 നകം ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 31 നകം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ജില്ലാ ഭരണകൂടം അനുയോജ്യമായ സ്ഥലം കണ്ടെത്തി പി.ഡബ്ല്യൂ.ഡി മുഖേന മണ്ണ് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ അജീഷ്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.റ്റി രാകേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ മാനോജ് കുമാര്‍, മോപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
