മാതാ അമൃതാനന്ദമയി ഒക്ടോബര്‍ 30, 31 തീയതികളില്‍ മാനന്തവാടിയില്‍; ;ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകര്‍മികത്വം വഹിക്കും
മാനന്തവാടി: മാതാ അമൃതാനന്ദമയി ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാനന്തവാടിയിലെത്തുന്നു. 2001ല്‍ മാതാ അമൃതാനന്ദമയി പ്രാണപ്രതിഷ്ഠ നിര്‍വഹിച്ച മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 30, 31 തീയതികളിലാണ് മഹോത്സവത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഒക്ടോബര്‍ 30ന് രാവിലെ 10 മണിയോടെ വേദിയിലെത്തുന്ന മാതാ അമൃതാനന്ദമയിയെ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കി ആചാരവിധിപ്രകാരം സ്വീകരിക്കും. തുടര്‍ന്ന് പ്രമുഖ വ്യക്തികള്‍ ഹാരാര്‍പ്പണം നടത്തും. അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവയും ഉണ്ടായിരിക്കും. ഇതിനുശേഷം ഭക്തര്‍ക്ക് അമ്മയെ നേരിട്ട് ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കും.
ടോക്കണ്‍ മുഖേന ദര്‍ശനം
ദര്‍ശനത്തിനായി ടോക്കണ്‍ സമ്പ്രദായമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 30, 31 തീയതികളില്‍ രാവിലെ 6.30 മുതല്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തുന്നവര്‍ക്ക് ക്രമമനുസരിച്ച് ടൈം കാര്‍ഡുകള്‍ വിതരണം ചെയ്യും. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ദര്‍ശനം ആരംഭിക്കുന്നതോടെ വേദിയുടെ ഇരുവശങ്ങളിലുമുള്ള ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഇതനുസരിച്ച് ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
വിശേഷാല്‍ പൂജകള്‍
രണ്ട് ദിവസങ്ങളിലും രാവിലെ 5.30 മുതല്‍ ശ്രീലളിതാ സഹസ്രനാമാര്‍ച്ചന ഉണ്ടായിരിക്കും. ഒക്ടോബര്‍ 30ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജയും 31ന് രാവിലെ ഏഴിന് ശനിദോഷനിവാരണ പൂജയും നടക്കും. ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ ഉള്‍പ്പെടെയുള്ള വിശേഷാല്‍ പൂജകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. പൂജകള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
മാതാ അമൃതാനന്ദമയിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. വിശാലമായ പന്തലിന്റെയും മറ്റ് സൗകര്യങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുന്നു.
മഹോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുള്ള സൗകര്യമുണ്ടാകും. മുഴുവന്‍ സമയവും ഇരിപ്പിടങ്ങളില്‍ത്തന്നെ കുടിവെള്ളം ലഭ്യമാക്കും. ഇതിനുപുറമേ കാന്റീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിനുശേഷം മാതാ അമൃതാനന്ദമയി മൈസൂരില്‍ നടക്കുന്ന ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി യാത്ര തിരിക്കും.
ബ്രഹ്മ. ദീക്ഷിതാമൃത ചൈതന്യ, ബ്രഹ്മ. പൂജിതാമൃത ചൈതന്യ, എന്‍.കെ. മന്മഥന്‍, പി.കെ. സുധാകരന്‍ (മേപ്പാടി), ഇ.കെ. ഗോപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
