ദിവയുടെ മരണം നാടിന് തീരാനോവ്; റോഡിലെ അപകടക്കെണികള്‍ക്ക് ഇനിയും പരിഹാരമില്ല; മൂന്ന് വര്‍ഷം മുമ്പ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയില്ല
മാനന്തവാടി: മാനന്തവാടി-കല്ലോടി റോഡില്‍ രണ്ടേ നാലില്‍ വെച്ച് ട്യൂഷന്‍ ക്ലാസിലേക്ക് അനിയനൊപ്പം പോകുന്നതിനിടെ കാറിടിച്ച് പന്ത്രണ്ടുകാരി ദിവ മരിച്ച സംഭവം നാടിന്റെ കണ്ണീരായി മാറുമ്പോള്‍, റോഡിലെ സുരക്ഷാവീഴ്ചകളും അധികൃതരുടെ അനാസ്ഥയും വീണ്ടും ചര്‍ച്ചയാകുന്നു. അമിതവേഗതയും തെറ്റായ ദിശയിലുള്ള വാഹനയാത്രയും അപകടത്തിന് കാരണമായിട്ടുണ്ടെങ്കിലും, കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സൗകര്യമില്ലാത്ത റോഡിന്റെ ശോചനീയാവസ്ഥയും ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്.
മിടുക്കിയായ ഒരു ബാലികയുടെ അകാലവിയോഗം കുടുംബത്തിനും നാടിനും തീരാനോവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഇനിയും വൈകുന്നത് എത്രത്തോളം ന്യായീകരിക്കാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.കല്ലോടി റോഡിന് വീതി കുറവായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ ആവശ്യമായ ഇടമില്ല. റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചായക്കടകളടക്കമുള്ളവയ്ക്ക്അനുമതി നല്‍കിയതും ചര്‍ച്ചയാകുന്നുണ്ട്.
2022-23 ല്‍മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്തും നടത്തിയ സംയുക്ത വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ പ്രൊപ്പോസല്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ച് കേരള റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് അയച്ചെങ്കിലും, കെ ആര്‍എസ്എ അധികൃതര്‍ ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
മതിയായ ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തതയും, റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന കാടും പ്രതിസന്ധിയാകുന്നുണ്ട്. കൂടാതെ റോഡരികിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന കടകളും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ചായ കുടിക്കാനും മറ്റും എത്തുന്നവര്‍ റോഡില്‍ ഇറങ്ങി നില്‍ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.ഇതോടെ കാല്‍നടയാത്രക്കാര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യമുണ്ടാകുന്നു. റോഡിനോട് ചേര്‍ന്നുതന്നെ നില്‍ക്കുന്ന വൈദ്യുതത്തൂണുകളും സുരക്ഷാഭീഷണി വര്‍ധിപ്പിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ കാല്‍നടയാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വീതി വര്‍ധിപ്പിക്കുന്നതിനും പകരം, റോഡിനോട് ചേര്‍ന്ന് പുതിയ കടകള്‍ക്ക് അനുമതി നല്‍കുന്ന രീതി പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. റോഡിന്റെ വീതിയും ഗതാഗതസാഹചര്യങ്ങളും കാല്‍നടയാത്രക്കാരുടെ സുരക്ഷയും വിലയിരുത്തിയ ശേഷമേ ഇത്തരം അനുമതികള്‍ നല്‍കാവൂ എന്നതാണ് പൊതുവായ ആവശ്യം.
കല്ലോടി റോഡിന് പുറമെ ചൂട്ടക്കടവ് വഴി വാളാടേക്ക് പോകുന്ന റോഡിലും സമാനമായ ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്‌നങ്ങളുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജില്ലയിലെ വിവിധ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യമില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണ്. റോഡുകളുടെ വീതി, വാഹനത്തിരക്ക്, കാഴ്ചപരിമിതി, വഴിയോരത്തെ കെട്ടിടങ്ങളും കടകളും വൈദ്യുതത്തൂണുകളും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഇത്തരം റോഡുകളിലൂടെയുള്ള യാത്ര വലിയ വെല്ലുവിളിയാണ്.
ദിവയുടെ മരണത്തെ ഒരു വാഹനാപകടം മാത്രമായി കണ്ട് അവസാനിപ്പിക്കാനാകില്ല. അമിതവേഗതയ്ക്കും ഗതാഗതനിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം, അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന റോഡുകളുടെ ഘടനാപരമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. നേരത്തേ പഠനറിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നത് അധികൃതരുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു.
മാനന്തവാടി കല്ലോടി, മാനന്തവാടി ചൂട്ടക്കടവ്-വാളാട് റോഡുകളില്‍ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തി ആവശ്യമായ സ്ഥലങ്ങളില്‍ റോഡ് വീതി വര്‍ധിപ്പിക്കണം. കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതയോ സുരക്ഷിതമായ സഞ്ചാരയിടമോ ഒരുക്കണം. റോഡിനോട് ചേര്‍ന്നുള്ള അനധികൃത കൈയേറ്റങ്ങളും തടസ്സങ്ങളും പരിശോധിച്ച് നീക്കണം. റോഡിന്റെ സുരക്ഷയും ലഭ്യമായ സ്ഥലവും വിലയിരുത്താതെ പുതിയ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം.
ദിവയുടെ വേര്‍പാട് ഉയര്‍ത്തുന്ന ചോദ്യം ഇതാണ്: അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലും നടപ്പാക്കാതെ മാറ്റിവെച്ചാല്‍, ഇനിയും എത്ര ജീവനുകള്‍ നഷ്ടപ്പെട്ട ശേഷമാണ് അധികൃതര്‍ ഉണരുക?
ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമല്ല, അപകടം സംഭവിക്കുന്നതിന് മുമ്പാണ് ഭരണസംവിധാനങ്ങള്‍ ഉണരേണ്ടത്. ദിവയുടെ ഓര്‍മയ്ക്കുള്ള യഥാര്‍ഥ ആദരവ്, ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാനടപടികള്‍ അടിയന്തരമായി നടപ്പാക്കുന്നതിലൂടെയായിരിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
