പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
കല്‍പ്പറ്റ: പീഡന കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ നിരത്ത് ഉപവിഭാഗം ഓഫീസിലെ ക്ലാര്‍ക്ക് കെ. സുബ്രഹ്മണ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ 21നാണ് സുബ്രഹ്മണ്യനെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാനന്തവാടി ജില്ലാ ജയിലില്‍ ഒക്ടോബര്‍ 3 വരെ റിമാന്‍ഡ് ചെയ്തിരുന്നു. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിച്ച് കൂടെ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവനോളം സ്വര്‍ണം കൈക്കലാക്കിയെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉത്തരവില്‍ വ്യക്തമാക്കുന്നത്.48 മണിക്കൂറിലധികം കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരനെ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് ഒക്ടോബര്‍ 3നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ജീവനക്കാരന് ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
