വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
കല്‍പ്പറ്റ: വയനാട് റവന്യൂ ജില്ലാ സക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ വയനാട് ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കും. അച്ചൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ കായികോത്സവം സംഘടിപ്പിക്കുന്നത്.ഉപജില്ലാ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കായികതാരങ്ങളാണ് ജില്ലാ കായികോത്സവത്തില്‍ മാറ്റുരയ്ക്കുക. 96 ഓളം ഇനങ്ങളിലായി ആയിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. അധ്യാപകര്‍ക്കായി പ്രത്യേക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 7ന് രാവിലെ 10.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ. പതാക ഉയര്‍ത്തുന്നതോടെ കായികോത്സവത്തിന് ഔപചാരിക തുടക്കമാകും. 1.30ന് മത്സരങ്ങള്‍ ആരംഭിക്കും. 100 മീറ്റര്‍, 600 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്കൊപ്പം പോള്‍ വാള്‍ട്ട്, ഡിസ്‌കസ് ത്രോ, ഹര്‍ഡില്‍സ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളും ആദ്യദിവസം നടക്കും.
ഒക്ടോബര്‍ 8ന് രാവിലെ ഏഴിന് നടത്ത മത്സരം ആരംഭിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ കായികോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി മാര്‍ച്ച് പാസ്റ്റും ദീപശിഖാ പ്രയാണവും നടക്കും. ഓട്ടം, ജംബിംഗ്, ഡിസ്‌കസ് ത്രോ, ഹര്‍ഡില്‍സ്, ഷോട്ട്പുട്ട്, ഹാമര്‍ ത്രോ തുടങ്ങിയ മത്സരങ്ങളും രണ്ടാം ദിവസം നടക്കും.
ഒക്ടോബര്‍ 9ന് രാവിലെ 7.30ന് അധ്യാപകരുടെ മത്സരങ്ങളോടെയാണ് മൂന്നാം ദിവസത്തെ പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ഓട്ട, ജംബിംഗ് മത്സരങ്ങള്‍ നടക്കും. റിലേ മത്സരങ്ങളോടെയാണ് കായികോത്സവത്തിന് സമാപനമാകുക. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ചെല്‍സസിനി വി. മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജെറീഷ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് നജുമുദ്ധീന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ., സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ വി., ഹെഡ്മിസ്ട്രസ് യാങ്സ്റ്റി, പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ നാസര്‍ എം., മന്‍സൂര്‍ സി.ടി. എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
