ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്നത് തുടരണം: ഡിഎഡബ്ല്യുഎഫ്; ഓഗസ്റ്റ് 15ന് കല്‍പ്പറ്റയില്‍ പ്രതിഷേധ റാലിയും സംഗമവും
കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷന്‍ വിതരണം ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും, മുന്‍പത്തെപ്പോലെ പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന രീതി തുടരണമെന്നും ആവശ്യപ്പെട്ട് ഡിഫറന്റിലി പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ഭിന്നശേഷിക്കാരുടെ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കും.
പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും ബാങ്കിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ളവര്‍ക്കും പുതിയ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി സഹകരണ സ്ഥാപന ജീവനക്കാര്‍ വഴി പെന്‍ഷന്‍ വീടുകളിലെത്തിച്ചിരുന്ന സംവിധാനം വിജയകരമായി നിലനില്‍ക്കെയാണ് സര്‍ക്കാറിന്റെ ഈ പുതിയ നയമെന്ന് ഉഅണഎ ആരോപിച്ചു. മിനിമം ബാലന്‍സ് തുകയില്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ ഈടാക്കുന്ന പിഴ പെന്‍ഷന്‍ തുക നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയും ഭിന്നശേഷിക്കാര്‍ പങ്കുവെക്കുന്നു.
ജില്ലാ പ്രസിഡന്റ് ജോസഫ് ടി.യു.വിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. മോഹനന്‍, ജില്ലാ സെക്രട്ടറി കെ.എന്‍. ഇന്ദ്രന്‍, കെ.വി. മത്തായി, കെ.യു. ഐസക്, കെ.പി. ജോര്‍ജ്, ടി.കെ. നൗഫല്‍, കെ.ഡി. കുര്യാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി സമൂഹത്തിന്റെയും രക്ഷാകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
