സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഇല്ല; രാത്രി 9 മുതല്‍ 11 വരെ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.രാത്രി 9 മുതല്‍ 11 വരെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്,പകല്‍ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ചെറിയ അളവില്‍ നിയന്ത്രണം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. 5654 മെഗാവാട്ട് ആണ് വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളില്‍ വൈദ്യുതി ഉത്പാദനത്തിന് അവശേഷിക്കുന്നത് 31.48 % ജലം . ഇതുകൊണ്ട് ഉത്പാദിപ്പിക്കാന്‍ ആകുന്നത് 1303.53 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയില്‍ ആകും.
കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എ സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കണമെന്നും എ സിയുടെ താപനില 2426 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
