വീണ്ടും നഴ്‌സിംഗ് സമരം; രോഗികള്‍ വലയുന്നു
മേപ്പാടി: സംസ്ഥാന തലത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ സമരം വെള്ളിയാഴ്ച പുനരാരംഭിച്ചു. മധ്യസ്ഥ ചര്‍ച്ചകളില്‍ പ്രതീക്ഷയില്ലാത്തതിനാല്‍ സമാധാനപരമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്ന് സമരക്കാര്‍ പ്രതികരിച്ചു. എന്നാല്‍ സമരം ആശുപത്രിയിലെ ആരോഗ്യസേവനങ്ങളെ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തി. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിച്ചിരുന്ന ഈ സ്ഥാപനത്തില്‍ നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ ഏക തൃതീയ മേഖലാ ചികിത്സാ കേന്ദ്രവും ഒപ്പം ഒട്ടുമിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ലഭ്യമാക്കുന്ന ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ മാത്രം നഴ്‌സുമാര്‍ സമരം നടത്തുന്നത് തികച്ചും സ്ഥാപനത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപിയ്ക്കുന്നു. ഐസിയു, എന്‍ഐസിയു, അത്യാഹിത വിഭാഗം തുടങ്ങിയ അതീവ ജാഗ്രത വേണ്ട വിഭാഗങ്ങളില്‍ പോലും സേവനം നിഷേധിക്കുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നതെന്നും, അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുരം ഇറങ്ങി അയല്‍ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് ചികിത്സാ ചെലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, യാത്രാമധ്യേ രോഗികളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറയിച്ചു. പ്രസവ സംബന്ധമായ ചികിത്സകള്‍ പോലും തടസ്സപ്പെടുന്നത് ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. ശമ്പള വര്‍ദ്ധനവും മറ്റ് അവകാശങ്ങളും ഉന്നയിക്കുമ്പോഴും, അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നഴ്‌സുമാര്‍ തയ്യാറാകണമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, മാര്‍ച്ച് 30ന് കേസ് പരിഗണിക്കുന്നത് വരെ സമരം ചെയ്യാനോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സമരം തുടരുന്നതെന്നും, കോടതി വിധി ലംഘിച്ച് സമരത്തില്‍ പങ്കുചേരുന്നവര്‍ക്കെതിരെ കോടതിലക്ഷ്യ നടപടികളും തൊഴില്‍ നിയമപ്രകാരമുള്ള നടപടികളും ഉണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
