ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവം ജനുവരി 25ന്
കല്‍പ്പറ്റ: സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജനുവരി 25 ന് വയനാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ മുഴുവന്‍ പഠിതാക്കളെയും പരീക്ഷക്ക് ഇരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചോദ്യപേപ്പര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയിലെ 3444 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. സ്‌പോട്ട് രജിസ്‌ട്രേഷനുള്‍പ്പെടെ 6000 പേര്‍ മികവുത്സവത്തില്‍ പങ്കെടുക്കും. ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി നാലാം തരം തുല്യതാ കോഴ്‌സിന്റെ ഭാഗമാക്കും. മികവുത്സവത്തില്‍ കൂടുതല്‍ പഠിതാക്കള്‍ പരീക്ഷയെഴുതുന്നത് കല്‍പ്പറ്റ നഗരസഭയില്‍ നിന്നാണ്. 300 പഠിതാക്കളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. 220 പേരാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍ പരീക്ഷ എഴുതുന്നത്.
കിടപ്പ് രോഗികള്‍, ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാന്‍ അതത് ഗ്രാമപഞ്ചായത്ത്തലത്തില്‍ അവസരമൊരുക്കും. മുതിര്‍ന്ന പഠിതാക്കള്‍ക്ക് വീടുകളില്‍ സബ്‌സെന്റര്‍ അനുവദിക്കും. ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കാത്ത പഠിതാക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. എഴുത്ത്, വായന അറിയുന്നവരും സ്‌കൂളില്‍ പഠിക്കാത്തവര്‍ക്ക് സ്‌പോട്ട് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മികവുത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കും.
മികവുത്സവം പരീക്ഷാ കേന്ദ്രങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കും. പരീക്ഷ ദിനത്തില്‍ തന്നെ മൂല്യനിര്‍ണയം നടത്തും. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഫലപ്രഖ്യാപന വിവരങ്ങള്‍ തയ്യാറാക്കും. കോളെജ് വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ടോട്ടം റിസോഴ്‌സ് സെന്റര്‍, മഹിളാ സമഖ്യ സൊസൈറ്റി, പ്രൊമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, തുല്യതാ അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരീക്ഷാ മുന്നൊരുക്കം നടക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജിനി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സ്വയ നാസര്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ ബൈജു ഐസക്, ശരത്, ടോട്ടം റിസോഴ്‌സ് സെന്റര്‍ വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ ദീപിക ദാസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
