രേഷ്മയുടെ ആത്മഹത്യ: ബ്ലേഡ് മാഫിയക്ക് പങ്ക്; പോലീസ് നിഷ്‌ക്രിയം; ആരോപണവുമായി ബന്ധുക്കള്‍
ബത്തേരി: ബത്തേരി കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ ബ്ലേഡ് മാഫിയക്ക് പങ്കെന്ന ആരോപണവുമായി കുടുംബം. രേഷ്മയുടെ ഭര്‍ത്താവ് ജിനേഷ് ആറ് മാസം മുമ്പ് ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.
വ്യാജരേഖകളും ജിനേഷ് ഒപ്പിട്ട് നല്‍കിയ മുദ്രപത്രങ്ങളും ചെക്കുകളും ഉപയോഗിച്ച് ബ്ലേഡ് മാഫിയ വീടും സ്ഥലവും തട്ടിയെടുത്തെന്നു രേഷ്മയുടെ അമ്മ ഷൈലയും, ജിനേഷിന്റെ അമ്മ രാധയും പരാതിപ്പെടുന്നു. ബീനാച്ചി, ചുള്ളിയോട് സ്വദേശികളായ സംഘമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ബ്ലേഡ് മാഫിയയുടെ ഭീഷണിയും സ്വത്ത് തട്ടിയെടുക്കലുമാണ് രേഷ്മയുടെ ആത്മഹത്യക്ക് കാരണമെന്നും, കടം വാങ്ങിയ തുകയും പലിശയും ജിനേഷ് തിരികെ നല്‍കിയിട്ടും ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് സ്ഥലം തട്ടിയെടുത്തതായും ഇവര്‍ പരാതിപ്പെടുന്നു. മരണത്തിന് മുമ്പ് രേഷ്മയും, ജിനേഷും പൊലീസില്‍ നല്‍കിയ പരാതികളിലും സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ബ്ലേഡ് മാഫിയ സംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായും രേഷ്മയുടെ പരാതിയില്‍ പറയുന്നു.
രേഷ്മയുടെ മരണത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ബത്തേരി പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ 30നാണ് രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് കാലത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് രേഷ്മയുടെ ഭര്‍ത്താവ് ജിനേഷ് ബീനാച്ചി പഴുപ്പത്തൂര്‍ സ്വദേശികളില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് വിവിധ ഘട്ടങ്ങളായി പലിശ സഹിതം തിരിച്ചുനല്‍കിയെന്ന് വ്യക്തമാക്കുന്ന ജിനേഷിന്റെ പരാതിയുടെ പകര്‍പ്പും രേഷ്മയുടെ പരാതിയുടെ പകര്‍പ്പും കുടുംബം പുറത്തുവിട്ടു. അന്ന് നല്‍കിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും വ്യാജരേഖകളും ഉപയോഗിച്ച് ജിനേഷിന്റെ വീടും സ്ഥലവും തട്ടിയെടുത്തതില്‍ മനംനൊന്താണ് രേഷ്മയുടെ ആത്മഹത്യ എന്നാണ് ആരോപണം. കടബാധ്യതയെ തുടര്‍ന്ന് ജിനേഷ് ഇസ്രായേലിലേക്ക് പോകും മുമ്പ് ഈ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായും പരാതിയുണ്ട്. ആറ് മാസം മുമ്പാണ് ഇസ്രായേലില്‍ വച്ച് ജിനേഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ജിനേഷിന്റെ മരണ ശേഷം ഇതേസംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും രേഷ്മ ബത്തേരി പൊലീസില്‍ കഴിഞ്ഞ ഓഗസ്റ്റ് 27ന് പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ഒപ്പിട്ട് നല്‍കിയ രേഖകള്‍ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.
വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുത്തുവെന്നും മകളുടെ മരണകാരണം ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെന്നും ചൂണ്ടിക്കാട്ടി രേഷ്മയുടെയും ജിനേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ പരാതി ബത്തേരി പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍തയാറാകാത്തത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഉന്നത ബന്ധങ്ങളെന്ന ആക്ഷേപവും ശക്തമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
