സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേള സമാപിച്ചു; പാലക്കാട് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
കല്‍പ്പറ്റ: 41-ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 79 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ് കായിക മേളയ്ക്ക് ആതിഥേയത്വം വഹിച്ചത്.
സംസ്ഥാനത്തെ 42 സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ ആയിരത്തിലധികം പ്രതിഭകളാണ് കായിക മാമാങ്കത്തില്‍ മാറ്റുരച്ചത്. 58 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. പാലക്കാട് ഷൊര്‍ണ്ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 58 പോയിന്റോടെ രണ്ടാം സ്ഥാനവും ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈ സ്‌കൂള്‍ 49 പോയിന്റുകളുമായി മൂന്നാം സ്ഥാനവും നേടി.
കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ അധ്യക്ഷനായ സമാപന പരിപാടിയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കെ.ടി ചാക്കോ, മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് ടി.പി മനോജ്, സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് ആര്‍.എസ് സജിത്ത്, നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് എം. ദിലീപ്, മാനന്തവാടി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് ബി നവാസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
