മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
മാനന്തവാടി: മാനന്തവാടി നഗരത്തില്‍ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. മാനന്തവാടിയില്‍ നിര്‍മിക്കുന്ന മിനി സിവില്‍ സ്‌റ്റേഷനിലെ പുതിയ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യമില്ലാത്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നാലുവര്‍ഷത്തെ കഠിന ശ്രമം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. 62 ലക്ഷം പേര്‍ക്ക് എല്ലാ മാസവും 2000 രൂപയുടെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനന്തവാടിയില്‍ റവന്യൂ വകുപ്പടക്കം വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പല സ്ഥലങ്ങള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു പറഞ്ഞു. 2210 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ റീസര്‍വ്വേ ഓഫീസ്, ലോട്ടറി സബ് ഓഫീസ്, ഡിസ്ട്രിക്ട് സ്റ്റാമ്പ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയ്‌ക്കൊപ്പം ടോയ്‌ലറ്റ് സൗകര്യങ്ങള്‍, റാമ്പ്, ലിഫ്റ്റ് എന്നിവയുമുണ്ടാകും. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, മാനന്തവാടി തഹസില്‍ദാര്‍ പി.യു സിത്താര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
