വയനാട് ജില്ലാ വികസന സെമിനാര്‍ നടത്തി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകള്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ജില്ല മികച്ച വികസന കുതിപ്പാണ് സാധ്യമാക്കിയതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ പ്ലാനിങ് ഓഫീസ് കളക്ട്രേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ആസൂത്രണ സമിതി ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വിഷന്‍ 2031 വികസന സെമിനാറിലൂടെ കേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വിവിധ ഉപസമിതികള്‍ തയ്യാറാക്കിയ ജില്ലാ പദ്ധതി കരട് രേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു. സമഗ്ര വികസനവും വികസന വിടവുകള്‍ കണ്ടെത്തി മുന്‍ഗണന പദ്ധതികള്‍ ഉള്‍പെടുത്തിയാണ് കരട് പദ്ധതി രൂപീകരിച്ചത്. സെമിനാറില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. വിവിധ വിഷയങ്ങളില്‍ ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ അധ്യക്ഷതയില്‍ അതത് മേഖലകളിലെ ജില്ലാതല വിദഗ്ധര്‍ വൈസ് ചെയര്‍മാനും ജില്ലാതല ഉദ്യോഗസ്ഥര്‍ കണ്‍വീനറുമായി രൂപീകരിച്ച 26 ഉപസമിതികളാണ് ജില്ലാ പദ്ധതിയുടെ കരട് തയ്യാറാക്കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി. വിനോദ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, കെ. വിജയന്‍, എ.എന്‍ സുശീല, ഉഷ തമ്പി, കെ.ബി നസീമ, അമല്‍ ജോയ്, എന്‍.സി പ്രസാദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കമാലുദ്ദീന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
