വയനാട് ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പിന്റെ പുന:സംഘടന യോഗം ചേര്‍ന്നു.ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ കണ്‍വീനര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കാനുമായിരുന്നു യോഗം ചേര്‍ന്നത്. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ദുരന്തനിവാരണ, വികസന മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്റര്‍ഏജന്‍സി ഗ്രൂപ്പിലെ അംഗസംഖ്യ 15 ആയി നിലനിര്‍ത്തും. ദേശീയ ദുരന്ത പ്രതികരണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ ദേവകി, ദുരന്തനിവാരണ വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ പി അശ്വിന്‍ കുമാര്‍, വൈത്തിരി തഹസില്‍ദാര്‍ കുമാരി വി ബിന്ദു, മാനന്തവാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോസ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍