മണ്ണറിഞ്ഞ് വിത്തറിഞ്ഞ് വിളയറിഞ്ഞ് വിളവെടുക്കുക: കാര്‍ഷിക സെമിനാര്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 30 ല്‍ അധികം സ്ഥലങ്ങളില്‍ മണ്ണിന്റെ പിഎച്ച് മൂല്യം അഞ്ചില്‍ താഴെമണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ് വിളവെടുക്കലാണ് കൃഷിയിലെ എക്കാലത്തെയും വലിയ പാഠമെന്ന് എന്റെ കേരളം പ്രദര്‍ശന വിപണമേളയുടെ ഭാഗമായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച നടന്ന 'കാപ്പി, കുരുമുളക് ശാസ്ത്രീയ കൃഷി; പരിപാലന മുറകള്‍' എന്ന വിഷയത്തിലെ സെമിനാറില്‍ 100 ല്‍ അധികം കര്‍ഷകര്‍ പങ്കെടുത്തു. മണ്ണിന്റെ ഗുണനിലവാരവും വളക്കൂറും പോഷക മൂലകങ്ങള്‍ മനസിലാക്കിയുള്ള കൃഷിരീതികളും നിര്‍ബന്ധമാണ്. കാലാവസ്ഥ വ്യതിയാനം കാപ്പി, കുരുമുളക് കൃഷികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പ്രതിരോധിക്കാന്‍ കൃഷിയില്‍ ശാസ്ത്രീയ പരിപാലന മുറകള്‍ നടത്തേണ്ടതുണ്ട്. രാസകൃഷിരാസവളമല്ല ശാസ്ത്രീയ പരിപാലനമെന്നും സമ്മിശ്ര ബഹുനിലകൃഷി, പുതയിടല്‍, കോണ്ടൂര് കൃഷി രീതി, ജൈവ മതില്, ചകിരി കുഴികള്‍, ഓട എന്നിവ സജീവമായി കാപ്പി, കുരുമുളക് പരിപാലനത്തിന് അനിവാര്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വായു, ജലം, മൂലകങ്ങള്‍, ജൈവാംശം, സൂക്ഷ്മ ജീവികള്‍ എന്നിവയുടെ സന്തുലിതാവസ്ഥ ശാസ്ത്രീയ പരിപാലന മുറയ്ക്ക് അനിവാര്യമാണ്.
മണ്ണിന്റെ ആരോഗ്യമറിയാന്‍ മണ്ണ് പരിശോധനയും വേണം.
ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ ഘടന മനസ്സിലാക്കി മാത്രമേ കാപ്പിയും കുരുമുളകും കൃഷി നടത്താന്‍ സാധിക്കുകയുള്ളൂ.
വയനാട് ജില്ലയില്‍ 30 ല്‍ അധികം സ്ഥലങ്ങളില്‍ മണ്ണിന്റെ പിഎച്ച് മൂല്യം അഞ്ചില്‍ താഴെയാണ്. കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രമാണ് മണ്ണിന് ആറില്‍ കൂടുതല്‍ പി എച്ച് മൂല്യമുള്ളത്. ഇതു മൂലം കാപ്പി, കുരുമുളക് ചെടികളില്‍ ദ്രുതവാട്ടം കൂടുതലാണ്. ഒരു ചെടിയില്‍ ഒരിക്കല്‍ ദ്രുതവാട്ടം സംഭവിച്ചാല്‍ അതിനോട് ചേര്‍ന്ന നില്ക്കുന്ന എല്ലാം ചെടികളിലും ഇതിനുള്ള സാധ്യത കൂടുന്നു.
മണ്ണിന്റെ മൂല്യം അനുസരിച്ചു കൃഷി ചെയ്യണമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഒരു തവണ വിളനാശം സംഭവിച്ചാല്‍ ആ വിളയുടെ എല്ലാം ഭാഗവും നശിപ്പിച്ചു കളഞ്ഞശേഷം ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും അതേ സ്ഥലത്ത് കൃഷിയിറക്കാം.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലെ സെമിനാറില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ആമുഖപ്രഭാഷണം നടത്തി.
കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ പി. വിക്രമന് വിഷയം അവതരിപ്പിച്ചു.
67500 ഹെക്ടറിലുള്ള കാപ്പിയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിക്കുന്ന കൃഷി. 38000 ഹെക്ടറില്‍ മാത്രമാണ് ജില്ലയില്‍ കുരുമുളക് കൃഷി ചെയ്യുന്നത്. കാലക്രമേണ കുരുമുളക് കൃഷി കുറയുന്ന സാഹചര്യമാണ് കാണുന്നത്. ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ കൃഷിയുടെ പ്രശ്നം മനസിലാക്കി സമീപിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്
മോഡറേറ്ററായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ജ്യോതി പി ബാബു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍ & ട്രെയിനിങ്) കെ ഷീബ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍