മാതൃക ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കാന്‍ ഒരു തടസ്സവും ഇനിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; സര്‍ക്കാര്‍ പറഞ്ഞ വാക്ക് യാഥാര്‍ഥ്യമാകാന്‍ പോകുന്നുതായും മുഖ്യമന്ത്രി

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 'നേരത്തെ ചില ആശങ്കകള്‍ ഇതുസംബന്ധിച്ചു ഉയര്‍ന്നിരുന്നു. ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാല്‍ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചിരുന്നു. എന്നാല്‍ ഇന്നലെയോടെ അതും മാറി. സര്‍ക്കാര്‍ നേരത്തെ നല്കിയ വാക്ക് യഥാര്‍ഥ്യമാകാന്‍ പോവുകയാണ്. ടൗണ്‍ഷിപ്പ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തിയാകാന്‍ പോകുകയാണ്,' സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പരിപാടിയുടെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ വയനാട് ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തങ്ങള്‍ അതുവരേക്കും ജീവിച്ചപോന്ന വിധത്തില്‍ അയല്‍ക്കാരും ബന്ധുക്കളും ഒന്നുചേര്‍ന്നുള്ള സാമൂഹ്യജീവിതം പുന:സ്ഥാപിച്ചു തരണം എന്നായിരുന്നു ദുരന്തബാധിതര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ആ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.
സാധാരണ ഗതിയില്‍ ഒരു സര്‍ക്കാരും നേരിടേണ്ടി വരാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈചൂരല്‍മല ദുരന്തം എന്നിവയുണ്ടായി. ഇത്തരം ഘട്ടങ്ങളില്‍ ഒരു സംസ്ഥാനത്തിനെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രം അര്‍ഹതപ്പെട്ട സഹായം നല്‍കിയില്ല എന്ന് മാത്രമല്ല, സഹായിക്കാന്‍ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും നമ്മള് തകര്‍ന്നില്ല. നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നമ്മുടെ ജനങ്ങള്‍ ഒരുമയും ഐക്യവും പ്രകടിപ്പിച്ചു ഒന്നിച്ചു നിന്നു. ഇത് കണ്ടു രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു. ഇത് സാധ്യമായതിന് പിന്നില്‍ ഒറ്റ കാരണമേ ഉള്ളൂ; നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും,' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'പിഡിഎന്‍എ (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ്) കണക്കിന് കാത്തു നില്‍ക്കുകയാണ് കേന്ദ്രം എന്ന് പറഞ്ഞു. പക്ഷെ, പിഡിഎന്‍എ കാക്കാതെ തന്നെ ത്രിപുരയ്ക്ക് കേന്ദ്രസഹായം ലഭിച്ചു. ദുരന്തം മുന്‍കൂട്ടി കണ്ടു ബിഹാറിനും സഹായം നല്കി. പക്ഷെ, അര്‍ഹതപ്പെട്ടത് കേരളത്തിന് മാത്രം നല്‍കിയില്ല. എന്തുകൊണ്ടാണിത്,? ' മുഖ്യമന്ത്രി ചോദിച്ചു.
ദുരന്തത്തെ തുടര്‍ന്നുള്ള വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ പ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നാടിന്റെ യുവത ദുരന്തമുഖത്ത് ഓടിയെത്തി അപാരമായ രക്ഷാവൈദഗ്ദ്യം കാട്ടി. എല്ലാ സേനാ വിഭാഗങ്ങളുടെയും സഹായത്തോടെ 630 പേരെ മണ്ണില്‍ നിന്നും ജീവനോടെ വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഒറ്റപ്പെട്ടുപോയ 1300 പേരെ കണ്ടെത്താനും സാധിച്ചു.
മേപ്പാടി പരൂര്‍ക്കുന്നില്‍ ഭൂ രഹിതരായ 123 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിര്‍മിച്ചു നല്കിയ വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുട്ടില്‍ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി.
കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു അധ്യക്ഷത വഹിച്ചു. വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, കായിക മന്ത്രി വി അബ്ദുറഹ്മാന്, സുല്‍ത്താന്‍ ബത്തേരി നഗരസഭ അധ്യക്ഷന്‍ ടി കെ രമേശ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ആര് രാമകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍