എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരി തെളിയും

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ (ഏപ്രില്‍ 22) തിരി തെളിയും.പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം നാളെ (ഏപ്രില്‍ 22) രാവിലെ 10.30 മുതല്‍ 12.30 വരെ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 വ്യക്തികളെ മന്ത്രി നേരില്‍ കണ്ട് സംവദിക്കും. പട്ടികജാതി പട്ടികവര്ഗ്ഗപിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളുഅധ്യക്ഷത വഹിക്കും. പരിപാടിയില്‍ പരൂര്‍ക്കുന്ന് പുനരധിവാസ മേഖലയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന് /തൊഴിലാളി പ്രധിനിധികള്‍,യുവജനത, സാംസ്കാരിക കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രദര്‍ശന വിപണന മേളയ്ക്കായി കല്പറ്റ എസ്കെഎംജെ സ്കൂളില്‍ ഒരുക്കിയ പവലിയന് ഉദ്ഘാടനം ഉച്ച ഒന്നിന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു നിര്‍വഹിക്കും.വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, സെമിനാറുകള്‍, കലാസാംസ്കാരിക പരിപാടികള്‍, ഭക്ഷ്യ പുസ്തക മേള , കാര്‍ഷിക പ്രദര്‍ശനം എന്നിവ നടക്കും. മേള നഗരിയില്‍ 2500 ചതുരശ്ര അടിയില്‍ ഐപിആര്‍ഡിയുടെ തീം പവലിയന് ഒരുക്കും.സ്റ്റാര്‍ട്ടപ്പ് മിഷന്, പൊതുമരാമത്ത് വകുപ്പ്,ടൂറിസം,കിഫ്ബി,കായികം വകുപ്പുകളുടെപവലിയനുകള്ക്ക് പ്രത്യേക ഇടമുണ്ടാവും. മിനി തിയേറ്റര്‍, പോലീസ് വകുപ്പിന്റെ ഡോഗ്ഷോ,കാരവന് ടൂറിസം,മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങളും സജ്ജമാക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്മാരുടെ ലൈവ് ഡെമോണ്‍സ്ട്രേഷനും മേളയില്‍ ഒരുക്കും.
എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടന സമ്മേളനം
ജില്ലയില്‍ നാളെ (ഏപ്രില്‍ 22) മുതല്‍ 28 വരെ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളപട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് നടക്കുന്ന
ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തില്‍ പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയല്‍ രാമന്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാവും. എം എല്‍ എ ടി സിദ്ദീഖ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എഡിഎം കെ.ദേവകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
കലാസാംസ്കാരിക പരിപാടികള്‍
മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ ഏപ്രില്‍ 22 ന് ആല്‍മരം ബാന്ഡ്അവതരിപ്പിക്കുന്ന സംഗീത വിരുന്നും രണ്ടാം ദിവസമായ ഏപ്രില്‍ 23 ന്ഗോത്ര തനിമയാര്‍ന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവുമായി തുടിത്താളം സംഘവും പരിപാടി അവതരിപ്പിക്കും. ഏപ്രില്‍ 24 ന് നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയമായ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് സംഘംഅണിയിച്ചൊരുക്കുന്ന വര്‍ണശബളമായ അക്രോബാറ്റിക് ആന്‍ഡ് ഫയര്‍ ഡാന്സുംനാട്ടുഗോത്ര കലകളില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ കലാകാരന്മാരുടെ സംഘമായ ഉണര്‍വ് അവതരിപ്പിക്കുന്ന പകര്ന്നാട്ടംഫോക് മെഗാ ഷോയും വേദിയിലെത്തും. ഏപ്രില്‍ 25 ന്സമീര് ബിന്‍സി നയിക്കുന്ന സൂഫി സംഗീതം.
ഏപ്രില്‍ 26ന് കണ്ണൂര്‍ ഷെരീഫും ഫസീല ബാനുവും നയിക്കുന്ന മ്യൂസിക് നെറ്റും ഏപ്രില്‍ 27 ന് മാങ്കോസ്റ്റീന്‍ ക്ലബ്ബിന്റെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീത വിരുന്നുമുണ്ട്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാന ദിവസമായ ഏപ്രില്‍ 28ന് സിനിമ താരം കൃഷ്ണപ്രഭ നയിക്കുന്ന ബാന്റും നടക്കും.
ഭക്ഷ്യമേള: സെവന് സിസ്റ്റേഴ്സ്നെല്ലിക്കജ്യൂസ് കൗണ്ടറുകള്‍ ഒരുക്കി കുടുംബശ്രീ
ഭക്ഷ്യമേളയില്‍ സെവന് സിസ്റ്റേഴ്സ് നെല്ലിക്ക ജ്യൂസുകള്‍ ഉള്‍പ്പെടുന്ന ജ്യൂസ് കൗണ്ടറുകള്‍ ഒരുക്കി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ഭക്ഷ്യമേള സംഘടിപ്പിക്കും. മീനങ്ങാടി,സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മുട്ടില്‍ എന്നീ സിഡിഎസ്സുകളില്‍ നിന്നുള്ള കാറ്ററിംഗ് മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച സംരംഭക ഗ്രൂപ്പുകള്‍ ഭക്ഷ്യമേളയ്ക്കായി വിഭവങ്ങള്‍ ഒരുക്കും.
ജ്യൂസ് കൗണ്ടറുകള്‍, നെയ് പത്തിരി, കായപോള, കായ്കൃത, ഇറച്ചി പത്തിരി, നെയ്യ് പത്തല്, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങി മലബാര്‍ പലഹാരങ്ങളും, ഇറച്ചി ദോശ, മസാല ദോശ, നെയ്റോസ്റ്റ്, ഊത്തപ്പം, ചിക്കന്‍ ചീറിപ്പാഞ്ഞത്, ആവിയില്‍ ആരോഗ്യം എന്ന പേരില്‍ ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങളും മേളയുടെ മാറ്റുകൂട്ടും. കൂടാതെ അറേബ്യന്‍ ഭക്ഷണ പ്രേമികളുടെപ്രധാന വിഭവമായ കുഴിമന്തിയും കബ് സയും ഉണ്ടായിരിക്കും. ഒപ്പം ദം ബിരിയാണി, (ചിക്കന്‍, ഫിഷ്, ബീഫ്) എന്നിവയും കപ്പ മീന്‍ കറി, കടല്ക്കായല് വിഭവങ്ങള്‍, ചിക്കന്‍ ചില്ലി, ചിക്കന്‍ പരട്ട്, ബീഫ് വരട്ടിയത്, ബീഫ് ഉലര്‍ത്തിയത്, കൂടാതെ പാസ്ത, നൂഡില്‍സ് തുടങ്ങി വിഭവങ്ങളും, കൊത്തു പൊറാട്ട കിഴി പൊറാട്ട, ഭൂരി,ചപ്പാത്തി തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് ബ്രാന്‍ഡ് ചെയ്ത അട്ടപ്പാടിയുടെ വനസുന്ദരി ചിക്കന്‍ മേളയുടെ മുഖ്യ ആകര്‍ഷണമാകും.
വിവിധ വകുപ്പുകളുടെ സെമിനാറുകള്‍
പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 23 ന് 'കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തില്‍ കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് അവതരണം നടത്തും. ലൈബ്രറി കൗണ്സിലിന്റെആഭിമുഖ്യത്തില് 'ബഹുസ്വര സംസ്കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ഏപ്രില്‍ 24 ന്സെമിനാര് നടത്തുന്നതോടൊപ്പം ജില്ലാ ലൈബ്രറി സംഗമവും എസ്.കെ.എം.ജെ. സ്കൂളില്‍ മന്ത്രി ഒ. ആര് കേളു ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് 'കെസ്മാര്‍ട്ട്: സ്മാര്‍ട്ടാകുന്ന കേരളം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി 'സെറ്റാകാം ബ്രോ ജീവിതത്തോട്' ലഹരി വിരുദ്ധ സംവാദ പരിപാടി ഏപ്രില്‍ 26നും നടത്തും. 'തുടര്‍വിദ്യാഭ്യാസം അനന്തസാധ്യതകള്‍' എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരത മിഷന് സെമിനാര്‍ അവതരിപ്പിക്കും. വിനോദ സഞ്ചാരവകുപ്പ്'സാഹസിക വിനോദ സഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്നീ വിഷയങ്ങളിലും പിന്നാക്ക വികസന വകുപ്പ് കരിയര്‍ ഗൈഡന്‍സ് വിഷയത്തിലും സെമിനാറുകള്‍ നടത്തും.
മേള നഗരിയില്‍ 200 ഓളം സ്റ്റാളുകള്‍ ഒരുങ്ങി
കല്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനിയില്‍ മൊത്തം 44,385 ചതുരശ്ര അടിയില്‍ നിര്‍മിച്ച സ്റ്റാള്‍ നിര്‍മിതിയില്‍ 122 ഓളം തീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളുമാണ് ഒരുങ്ങിയത്. വാണിജ്യ സ്റ്റാളുകളില്‍ വകുപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനംചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9415 ചതുരശ്ര അടിയില്‍ കുടുംബശ്രീ നടത്തുന്ന ഫുഡ് കോര്‍ട്ട്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ 1500 ചതുരശ്ര അടിയില്‍ ഉള്‍പ്പെടുന്ന മിനി തിയ്യറ്റര്‍, മികച്ച സ്റ്റേജ് തുടങ്ങിയവയെല്ലാം നിര്‍മിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
പുസ്തക മേള
മേളയില്‍ മാതൃഭൂമി, ഡിസി ബുക്സ്, നാഷണല്‍ ബുക്സ് സ്റ്റാള്‍, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് എന്നിവ പ്രസിദ്ധീകരിച്ച പുസ്തകമേളയും സജ്ജീകരിക്കും. മലയാളത്തിലെ മുന്‍നിര പ്രസാധകര് നാല് സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന പുസ്തകമേളയും ശ്രദ്ധേയമാകും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍