ടെക്നോളജി, നിക്ഷേപ സംഗമങ്ങള്‍ മലബാറില്‍ നടത്തുന്നത് പ്രത്യേകം പരിശോധിക്കും: മുഖ്യമന്ത്രി പിണറായി വിജയന്

കല്‍പ്പറ്റ: ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങള്‍ മലബാറില്‍ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തില്‍ ക്ഷണിതാക്കളുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത് വ്യക്തമാക്കിയത്. ഫ്ലോട്ടിങ് സോളാര്‍ രംഗത്തെ സംരംഭകന് അജയ് തോമസാണ് ഇത് സംബന്ധിച്ച നിര്‍ദേശം വെച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം നിരവധി ടെക്നിക്ഷേപ സംഗമങ്ങളും പരിശീലനങ്ങളും ശില്‍പ്പശാലകളും നടക്കുമ്പോള്‍ മലബാറില്‍ അത്തരം പരിപാടികള്‍ ഇല്ല. ഇത് ഗ്രാമീണമേഖലയിലെ സംരംഭകര്‍ക്ക് വെല്ലുവിളിയാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വലിയ ഒരു നിശബ്ദ വിപ്ലവമാണ് നടക്കുന്നതെന്നും അത് വേണ്ട വിധത്തില്‍ ഇതു സംബന്ധിച്ച സൂചികകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അജയ് തോമസ് പറഞ്ഞു.
പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് അതാത് തദ്ദേശ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ഗഫൂര്‍ താനേരിയുടെ ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
ജനകീയ സര്‍ക്കാര്‍ ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം പോലുള്ള പരിപാടികള്‍ അഭിനന്ദാര്‍ഹമാണെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ സ്തെഫാനോസ് പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരം നല്കുന്ന പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുക്കളയില്‍ നിന്ന് തന്നെ ഒരു സംരംഭകയാക്കി മാറ്റിയത് സംരംഭക മേഖലയിലെ സര്‍ക്കാര്‍ നടപടികള്‍ ആണെന്ന് ഷംന കടവന്‍ അഭിപ്രായപ്പെട്ടു. ഇന്ന് 300 പേര്‍ക്ക് തൊഴില്‍ നല്കുന്ന തന്റെ ഉല്‍പ്പന്നം കേരളത്തിന്റെ എല്ലാ ജില്ലകളിലും എത്തുന്നു. ഇതിന് ജില്ലാ വ്യവസായ കേന്ദ്രം നല്കിയ പിന്തുണയും അവര്‍ എടുത്തുപറഞ്ഞു.
ലക്കിടി വ്യൂ പോയിന്റില്‍ വോക്ക് വേ നിര്‍മിച്ചു സര്‍ക്കാരിന് വരുമാനം ലഭിക്കുന്ന രീതിയിലുള്ള വിനോദസഞ്ചാര സ്പോട്ട് ആക്കി മാറ്റാമെന്ന് സണ്ണി ചെറിയതോട്ടം നിര്‍ദേശിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ ലഘൂകരിക്കാന്‍ പ്രിസൈസ് വെതര്‍ മോണിറ്ററിംഗ് സ്റ്റേഷന് സ്ഥാപിക്കണമെന്ന് വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള കെ ആര് വാഞ്ചീശ്വരന്‍
ആവശ്യപ്പെട്ടു. ഇത്തരം സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമായാല്‍ ദുരന്തം മുന്‍കൂട്ടി അറിഞ്ഞു ആ പ്രത്യേക മേഖല മാത്രം അടച്ചിടുന്നതോടെ ബാക്കിയുള്ള സ്ഥലത്തെ വിനോദസഞ്ചാര മേഖല രക്ഷിക്കാന്‍ സാധിക്കും.
വെറുതെ കാട് മൂടി കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളും തോട്ടങ്ങളും സര്‍ക്കാര്‍ ഇടപ്പെട്ട് കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കണമെന്ന് കര്‍ഷകനായ ഐ സി ജോര്‍ജും തോട്ടം മേഖലയില്‍ നിന്നുള്ള യു കരുണനും ഉന്നയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും തോട്ടത്തിലെ നിശ്ചിത ഭാഗത്ത് പഴ വര്‍ഗ്ഗം കൃഷി ചെയ്യാനുള്ള ആശയത്തിന് പൊതുവേ നല്ല സ്വീകാര്യതയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തോട്ടം തൊഴിലാളികളുടെ ലായം അറ്റകുറ്റ പണി നടത്തുന്നതില്‍ തോട്ടം ഉടമകള്‍ സ്വാഗതാര്‍ഹമായ നിലപാടാണ് സ്വീകരിച്ചത്.
മാതൃക ടൗണ്‍ഷിപ്പില്‍ 100 വീടുകള്‍ക്കുള്ള പണം കൈമാറുകയും വാഗ്ദാനം ചെയ്യുകയും ചെയ്ത കര്‍ണാടക സര്‍ക്കാര്‍, മുന്‍ എംപി രാഹുല്‍ ഗാന്ധി, ഡിവൈഎഫ്ഐ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന് പരമര്‍ശിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സജ്ന സജീവന്, നടന് അബുസലിം, സജ്ന ഷാജി (കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ് സണ്‍), ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അതിജീവിച്ച 16കാരന് മുഹമ്മദ് ഹാനി, സീനത്ത് (ദുരന്തനിവാരണം), എസ് ഷറഫുദ്ധീന്‍ (മുസ്ലിം ജമാഅത്ത്), ഹാരിസ് ബാഖവി (സമസ്ത), രുഗ്മിണി സുബ്രഹ്മണ്യന് (ഗോത്രമേഖല), ഫാദര്‍ വര്‍ഗീസ് മറ്റമല, ജഗദീഷ് വില്ലോടി (ഐടി) എന്നിവരും സംവദിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍