വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം; പള്ളിയറ വാള്‍ എഴുന്നള്ളിച്ചു നാളെ മുതല്‍ പതിന്നാലുദിവസം നീണ്ട ഉത്സവം

മാനന്തവാടി: വയനാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവം നാളെ (മാര്‍ടച്ച് 15 ശനിയാഴ്ച തുടങ്ങും. എല്ലാവര്‍ഷം മീനം ഒന്നു മുതല്‍ 14 വരെയാണ് വള്ളിയൂര്‍ക്കാവില്‍ ആറാട്ടുത്സവം ആഘോഷിക്കുന്നത്. ഉത്സവം തുടങ്ങുന്നതിനു മുന്നോടിയായി ക്ഷേത്രത്തിലേക്ക് വള്ളിയൂര്‍ക്കാവ് ഭഗവതിയുടെ തിരുവായുധമെന്നു വിശ്വസിക്കുന്ന പള്ളിയറ വാള്‍ എഴുന്നള്ളിച്ചു. എടവകയിലെ ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള്‍ പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലേക്കും തുടര്‍ന്ന് വള്ളിയൂര്‍ക്കാവിലേക്കും എഴുന്നള്ളിച്ചു. പീച്ചങ്കോട് ആവണാഥമഠത്തിലെ ശങ്കരനാരായണ (കണ്ണന്‍)ന്റെ നേതൃത്വത്തിലാണ് വാള്‍ എഴുന്നള്ളിച്ചത്. വാള്‍ താഴെക്കാവില്‍ എത്തിയതോടെ തിരുവത്താഴത്തിനുള്ള അരിയളവും ദേഹണ്ഡം ചാര്‍ത്തലുമുണ്ടാകും. താഴെക്കാവിലെ മണിപ്പുറ്റില്‍ സൂക്ഷിക്കുന്ന വാള്‍ ഉത്സവം കഴിഞ്ഞ ശേഷമാണ് തിരിച്ചെഴുന്നള്ളിക്കുക.
ശനിയാഴ്ച്ച രാവിലെ താഴെക്കാവില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള നികല്‍കാണല്‍ ചടങ്ങ് നടത്തും. കുറിച്യവിഭാഗത്തിലുള്ളവര്‍ക്കാണ് ഇതിനുള്ള അവകാശം. ഉത്സവം തുടങ്ങി ഏഴാംനാളായ 21ന് ആദിവാസിമൂപ്പന്‍ കെ. രാഘവന്റെ നേതൃത്വത്തില്‍ ആറാട്ടു മഹോത്സവത്തിനു കൊടിയേറ്റും. ഗോത്രവിഭാഗങ്ങളില്‍ പണിയവിഭാഗത്തിനാണു കൊടിയേറ്റിനുള്ള അവകാശം. ഉത്സവം സമാപിച്ച് ഏഴാംനാളാണ് കൊടിയിറക്കുക.
24 ന് ക്ഷേത്രം മേല്‍ശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ശ്രീജേഷ് നമ്പൂതിരി എടവക ചേരാങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനക്കോപ്പിന് പുറപ്പെടും. 25ന് വൈകീട്ടോടെ താഴെക്കാവിലെ പാട്ടുപുരയില്‍ ഒപ്പനക്കോപ്പെത്തിക്കും. തുടര്‍ന്ന് ഉത്സവം കഴിയുന്നത് വരെ പുലര്‍ച്ചെ താഴെക്കാവിലെ പാട്ടുപുരയില്‍ ഒപ്പന ദര്‍ശിക്കാം. ഒപ്പന ദര്‍ശനത്തിലൂടെ ദേവിയെ നേരില്‍കാണുന്നുവെന്നാണ് വിശ്വാസം. ഒപ്പനയെത്തിച്ചതിനു ശേഷം എല്ലാദിവസവും രാത്രി മേലേക്കാവില്‍ നിന്ന് താഴേക്കാവിലേക്ക് എഴുന്നള്ളത്തുണ്ടാകും.
28നു രാത്രി വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവിലേക്ക് സംഗമിക്കുന്നതോടെ ആറാട്ടുതറയിലേക്ക് എഴുന്നള്ളും. 29നു പുലര്‍ച്ചേ താഴെക്കാവിലെ കോലംകൊറ (രുധിരക്കോലം)യോടെ ആറാട്ടുത്സവത്തിന് പരിസമാപ്തിയാകും. പ്രതീകാത്മകമായി കാളി ദാരികനെ വധിക്കുന്ന ചടങ്ങാണിത്. കോലംകൊറയ്ക്ക് ശേഷം വാള്‍ പാണ്ടിക്കടവ് പള്ളിയറ ക്ഷേത്രത്തിലേക്കും തുടര്‍ന്ന് ജിനരാജ തരകന്റെ വീട്ടിലേക്കും തിരിച്ചെത്തിക്കും. ഉത്സവം കഴിഞ്ഞ് പിറ്റേനാള്‍ വൈകീട്ടോടെ ഒപ്പനക്കോപ്പും തിരിച്ചെഴുന്നള്ളിക്കും. വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ലക്ഷങ്ങളാണ് എത്താറുള്ളത്. വയനാടിന്റെ ദേശീയ ഉത്സവമെന്നറിയപ്പെടുന്ന വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തിനു ഇതര ജില്ലകള്‍ക്കു പുറമേ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. മറ്റുത്സവങ്ങളില്‍ നിന്നു വ്യത്യസ്തമായി ഗോത്രജനതയുടെ പങ്കാളിത്തം വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവത്തെ വേറിട്ടതാക്കുന്നു. ഉത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗോത്രവിഭാഗത്തിനു പ്രത്യേക അവകാശങ്ങളുമുണ്ട്.
ജിനരാജന്‍ തരകന്റെ വീട്ടില്‍ നിന്നുള്ള വാളെഴുന്നള്ളത്തിനു പി.വി. ജിനചന്ദ്ര പ്രസാദ്, പി.വി. വര്‍ധമാന ഗൗഡര്‍, പി. ജിനരാജന്‍ തരകന്‍, പി.എന്‍. ജ്യോതി പ്രസാദ്, പി.എന്‍. രമേഷ് ബാബു എന്നിവരും പള്ളിയറ ക്ഷേത്രത്തില്‍ നിന്നു വള്ളിയൂര്‍ക്കാവിലേക്കുള്ള വാളെഴുന്നള്ളത്തിനു വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭന്‍, ടി.കെ. അനില്‍കുമാര്‍, ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് ഡോ. എം.പി. അനില്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ഒഴക്കോടി, പള്ളിയറ ഭഗവതി ക്ഷേത്രം പ്രസിഡന്റ് മനോഹരന്‍, സെക്രട്ടറി മുരളി എന്നിവരും നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍