പനവല്ലിയിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി

മാനന്തവാടി: പനവല്ലിയിലെ കടുവയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി. ജയപ്രസാദ് ഉത്തരവിറക്കി്. കടുവയെ വെടിവെക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദിവസങ്ങള്‍ക്കു മുമ്പ് സംസ്ഥാന വനംമന്ത്രി പറഞ്ഞിരുന്നെങ്കിലും മയക്കുവെടി വെക്കാനുള്ള അനുമതി ലഭിക്കാത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ എന്നാണ് ഉത്തരവിലുള്ളത്. കടുവയ്ക്ക് വലിയ ആഘാതമേല്‍പ്പിക്കാതെ വേണം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. ഇങ്ങനെ പിടിക്കുന്ന കടുവയ്ക്ക് മുത്തങ്ങ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. അധികം താമസിയാതെ ഉള്‍വനത്തില്‍ തുറന്നുവിടുകയും വേണം. ഉത്തരമേഖല സി.സി.എഫിന്റെ സാന്നിധ്യത്തില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കടുവയെ പിടികൂടുന്ന ഓപ്പറേഷന് നേതൃത്വം നല്‍കണം.
പ്രദേശത്തെ സ്ഥിരം സാന്നിധ്യമായ കടുവ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് വനപാലകര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കടുവ വീടിന്റെ അകത്തുവരെ എത്തിയതോടെയാമ് ഉന്നത വനപാലകര്‍ പ്രശ്നത്തെ ഗൗരവമായി കണ്ടതെന്നാണ് സൂചന. കഴിഞ്ഞ ജൂണില്‍ ആദണ്ടയിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് കൂടുവെച്ച് പിടിച്ച ശേഷം ഓഗസ്റ്റ് 11-നാണ് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പനവല്ലി ഗവ. എല്‍.പി സ്‌കൂളിനു സമീപത്തെ തെങ്ങുമുണ്ടത്തില്‍ സന്തോഷിന്റെ പശുക്കിടാവിനെ കടുവ കൊന്നു. ഇവരുടെ തൊഴുത്തിന് സമീപത്തുവെച്ച ക്യമറയില്‍ കടുവയുടെ ചിത്രം വ്യക്തമായി പതിഞ്ഞിരുന്നു.
കടുവപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുംവരെ അപ്പപ്പാറയിലുള്ള തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനു മുന്നില്‍ രാപകല്‍ സമരമിരിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചിരുന്നു. കടുവയെ മയക്കുവെടി വെക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത് മനസ്സിലാക്കിയാണ് പിന്നീട് ഈ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. കടുവശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ച തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടതതാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍