കഞ്ചനില്‍ കുരുങ്ങുന്ന കൗമാരം.!

ജില്ലയിലെ ചില സ്‌ക്കൂളുകളിലെ 9,10 പ്ലസ്ടു വിദ്യാര്‍ത്ഥികളടക്കമുള്ള കൗമാരക്കാരില്‍ ചിലര്‍ കഞ്ചാവ് ലഹരിയില്‍ കുരുങ്ങുന്നു; സ്‌ക്കൂളില്‍ പൂച്ചെടിയുടെ കൂടെ കഞ്ചാവ് ചെടി വളര്‍ത്തിയ വിദ്വാനും ഒടുവില്‍ പിടിയിലായി; വാഴത്തോട്ടത്തില്‍ കഞ്ചനടിക്കാന്‍ വന്ന പ്ലസ്ടൂക്കാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു; കര്‍ണ്ണാടകയില്‍ നിന്നും സാനിട്ടറി നാപ്കിന്‍ കവറിലും കഞ്ചാവ് കടത്തുന്നതിനായി വിദ്യാര്‍ത്ഥിനികളുടെ സഹായം; 2017 ജനുവരി മുതല്‍ ജൂലൈ വരെ ജില്ലയില്‍ 25 വയസ്സിന് താഴെയുള്ള 64 പേരെ കഞ്ചാവുമായി എക്സൈസ് പിടികൂടി; മക്കള്‍ കഞ്ചാവുപയോഗിക്കുന്ന പരാതിയുമായി സ്‌ക്കൂളുകളിലെത്തുന്ന മാതാപിതാക്കളുടെ എണ്ണവും കൂടുന്നു
ജില്ലയില്‍ കഞ്ചാവിന്റെ പുറകെ പോകുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നതായി സൂചനകള്‍. വിവിധ സ്‌ക്കൂളുകളിലെ പ്രതിനിധികളുമായി സംസാരിച്ചതില്‍ ഓപ്പണ്‍ ന്യൂസറിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കുട്ടികളുടെ ഭാവിയെ കരുതിയും സ്‌ക്കൂളിന്റെ സല്‍പേര് നിലനിര്‍ത്തുന്നതിനായും പല സംഭവങ്ങളും പുറംലോകമറിയാതെ പോകുകയാണ്. അടുത്തിടെ ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിന്നും കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ന്യൂസര്‍ നല്‍കിയ വാര്‍ത്തകളില്‍ മിക്കതിലും പ്രതികളായിട്ടുള്ളത് 25 വയസ്സിന് താഴെയുള്ളവരാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ജില്ലയില്‍ 2017 ജനുവരി മാസം 01 മുതല്‍ ജൂലൈ 31 വരെ കഞ്ചാവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ 25 വയസ്സിന് താഴെയുള്ള 64 പേരാണ് പിടിയിലായത്. ഇവരില്‍ 90% വിദ്യാര്‍ത്ഥികളാണെന്നുള്ളതാണ് വസ്തുത. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച 10 ന്യൂ ജനറേഷന്‍ ബൈക്കുകളും, ഒരു സ്‌ക്കൂട്ടറും, 2 ഓട്ടോറിക്ഷകളും, ഒരു കാറും എക്സൈസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന യുവാക്കളെ പരിശോധിക്കുന്ന എക്സൈസ് സംഘത്തിന് പലപ്പോഴും നിരാശരാകേണ്ടി വന്നിട്ടില്ലായന്നതാണ് വാസ്തവം. ഇക്കാലയളവില്‍ മൂന്ന് കിലോ 511 മില്ലിഗ്രാം കഞ്ചാവാണ് യുവാക്കളില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കണക്കെടുത്താല്‍ കണക്കുകളില്‍ ഇനിയും വര്‍ധനവുണ്ടാകും.
പല വിദ്യാലയങ്ങളിലേയും 8,9,10 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇവര്‍ പിടിക്കപ്പെടുമ്പോള്‍ സ്‌ക്കൂളിനുള്ളില്‍തന്നെ സംഭവം ഒതുക്കി തീര്‍ക്കുകയാണ് പതിവ്. വിദ്യാര്‍ത്ഥികളുടെ ഭാവിയും, സ്‌ക്കൂളിന്റെ സല്‍പേരുമോര്‍ത്താണ് ഇത്തരം കാര്യങ്ങള്‍ പുറത്തറിയിക്കാതെ ഒതുക്കിതീര്‍ക്കുന്നതെന്ന് സ്‌ക്കൂളുമായി ബന്ധപ്പെട്ടവര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി താലൂക്കിലെ ഒരു ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ചില ആവശ്യങ്ങള്‍ക്കായെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ചെടിച്ചെട്ടിയില്‍ വളര്‍ത്തുന്ന കഞ്ചാവ് കാണാനിടെയായി. അധ്യാപകരോട് വിവരം ആരാഞ്ഞപ്പോഴാണ് സംഭവം കഞ്ചാവാണെന്നുള്ള കാര്യം അദ്ധ്യാപകര്‍ അറിഞ്ഞത്. ഉടന്‍തന്നെ ചെടി നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചെടി നട്ട വിദ്വാനെ അപ്പോള്‍ മനസ്സിലായില്ലെങ്കിലും പിന്നീട് ബാഗിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് സഹിതം പ്രസ്തുത വിദ്യാര്‍ത്ഥി അദ്ധ്യാപകരുടെ പിടിയിലായി. സംഭവം പുറത്തറിഞ്ഞതോടെ കുട്ടി പഠിത്തം നിര്‍ത്തിപോയതായും അദ്ധ്യാപകര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം മാനന്തവാടിക്കടുത്ത സ്ഥലത്തെ വാഴത്തോപ്പിനരികിലൂടെ നടന്നുപോകുകയായിരുന്ന നാട്ടുകാരില്‍ ചിലര്‍ തോട്ടത്തിനുള്ളില്‍ സംശയകരമായ രീതിയില്‍ നാലോളം കുട്ടികളെ കാണുകയുണ്ടായി. അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് സമീപത്തെ സ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ടൗണിലെ അവന്റെ സുഹൃത്തുക്കളും സ്വസ്ഥമായി കഞ്ചാവ് വലിക്കാനായെത്തിയതാണെന്ന് മനസ്സിലായത്. കഞ്ചാവിന്റെ ചെറിയപൊതി കയ്യോടെ പിടികൂടിയ നാട്ടുകാര്‍ പയ്യന്‍മാര്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കി വിട്ടയക്കുകയായിരുന്നു.
പലപ്പോഴും വിദ്യാര്‍ത്ഥികളെയും മറ്റും കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയുമായി എക്സൈസ്-പോലീസ് സംവിധാനം ഊര്‍ജ്ജിതമായി രംഗത്തുണ്ടെങ്കിലും പലതരം തന്ത്രങ്ങളിലുടെ 'ക്യാരിയര്‍മാര്‍' തടിയൂരുകയാണ് ചെയ്യുന്നത്. കര്‍ണ്ണാടകയിലെ ബാംഗ്ലൂര്‍, മടിവാള, കലാശിപ്പാളയ, മജസ്റ്റിക്, ശിവാജി നഗര്‍, മല്ലേശ്വരം തുടങ്ങിയിടങ്ങളില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മുഖ്യമായും ജില്ലയിലേക്കെത്തുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. തോല്‍പ്പെട്ടി, ബാവലി വഴിയെല്ലാം കഞ്ചാവ് കടത്തുന്നുണ്ടെങ്കിലും തോല്‍പ്പെട്ടിയില്‍ എക്സൈസ്- പോലീസ് പരിശോധന താരതമ്യേനെ കര്‍ശനമായതിനാല്‍ ബാവലി വഴിയാണ് കഞ്ചാവ് കടത്ത് കൂടുതലെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും, സോക്സിലും, ഷൂവിന്റെ സോളിനടിയിലും, ബൈക്കിന്റെ സൈലന്‍സര്‍, പെട്രോള്‍ ടാങ്ക് തുടങ്ങിയിടങ്ങളിലുമെല്ലാം കഞ്ചാവ് ഒളിപ്പിച്ചുകടത്തുന്ന പഴയതന്ത്രങ്ങള്‍ മാറ്റി ഇപ്പോള്‍ കൂട്ടുകാരികളായ വിദ്യാര്‍ത്ഥിനികളെയാണ് ഇക്കാര്യത്തിനായി ചില വിദ്വാന്‍മാര്‍ ക്യാരിയേഴ്സ് ആയി ഉപയോഗിക്കുന്നതെന്ന് ചില സോഴ്സുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ നാപ്കിന്‍ പാക്കിനുള്ളില്‍ 200 ഗ്രാമിലധികം കഞ്ചാവ് കൊള്ളുമെന്നും പെണ്‍കുട്ടികളായതിനാല്‍ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ എളുപ്പം കഴിയുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നൂറ് ശതമാനം തെളിവുകളോടെയുള്ള ആരോപണമാണോ എന്നറിയില്ലെങ്കിലും ഇത്തരം സാധ്യതകള്‍ കുട്ടികള്‍ പരീക്ഷിക്കുന്നതായി ബാംഗ്ലൂര്‍-മാനന്തവാടി റൂട്ടിലെ സ്ഥിരം ബസ്സ് യാത്രാക്കാരായവരും ഓപ്പണ്‍ ന്യൂസറോട് വെളിപ്പെടുത്തി.
മദ്യപിച്ച് കഴിഞ്ഞാലുണ്ടാകുന്ന ശാരീരികാവസ്ഥയില്‍ നിന്നും ഏറെ വ്യത്യസ്ഥമായി മറ്റാളുകളുടെ ഇടയില്‍ പിടിക്കപ്പെടാന്‍ സാധ്യത ഏറ്റവും കുറഞ്ഞ മേഖലയായതിനാലാണ് യുവാക്കള്‍ കഞ്ചാവിന്റെ പുറകെ പോകുന്നത്. യുവതലമുറയിലേക്ക് കഞ്ചാവ് ഇത്രയധികം സ്വാധീനം ചെലുത്താന്‍ കാരണമായിട്ടുള്ളതും ഇതാണ്. യുവാക്കളുടെ പുറകേ എക്സൈസ് -പോലീസ് സംവിധാനം കര്‍ശനനിരീക്ഷണവുമായി ഉണ്ടെങ്കിലും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പരിശോധിക്കുന്നതിലും, ചോദ്യം ചെയ്യുന്നതിലും മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പല പരിമിതികളും നിലവിലുണ്ട്. അതാണ് കുട്ടികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള കഞ്ചാവ് ഉപയോഗം വര്‍ദ്ധിക്കിനിടയാക്കുന്നത്. അതത് സ്‌ക്കൂള്‍ അധികൃതരും, രക്ഷിതാക്കളുമാണ് ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ചുരുക്കത്തില്‍ പറയാം. തങ്ങളുടെ കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുും വരുന്ന മാറ്റങ്ങള്‍ അപ്പോള്‍ തന്നെ സ്‌ക്കൂള്‍ അധ്യാപകരുമായി പങ്കുവെക്കാനുള്ള ആര്‍ജ്ജവം മാതാപിതാക്കള്‍ കാണിക്കണം. എന്നാല്‍ മാത്രമേ ഇത്തരം ദുശ്ശീലങ്ങള്‍ മുളയിലെ നുള്ളാന്‍ കഴിയു. ആരോഗ്യവും, പ്രതികരണശേഷിയുമുള്ളതായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ മാതാപിതാക്കളുടെ ഇത്തരം നടപടികള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.
റിപ്പോര്‍ട്ട് - സജയന്‍ കെഎസ്
(നല്‍കിയ വിവരങ്ങളെ കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഓപ്പണ്‍ ന്യൂസര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍