നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠപുരസ്‌കാരം

ദില്ലി: അസമീസ് എഴുത്തുകാരന്‍ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം . കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം നേടിയ നീല്‍മണി ഫൂക്കന്‍ . ഗോവന്‍ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ ദാമോദര്‍ മോസോ.
ഗോവയിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമായ ദാമോദര്‍ മോസോയ്്ക് 1983ല്‍ കാര്‍മേലിന്‍ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരംലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ 'തെരേസാസ് മാന്‍ ആന്റ് അദര്‍ സ്‌റ്റോറീസ് ഫ്രം ഗോവ' 2015ല്‍ ഫ്രാങ്ക് ഒ'കൊനോര്‍ അന്താരാഷ്ട്ര പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. സാഹിത്യഅക്കാദമിയില്‍ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഗോവയുടെ സമരമുഖങ്ങളില്‍ ശ്രദ്ധേയനായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ കൂടിയാണ് ദാമോദര്‍ മോസോ. 1967ല്‍ ഗോവയ്ക്ക് പ്രത്യേകസംസ്ഥാനപദവി വേണോ എന്ന് ചോദിക്കുന്ന അഭിപ്രായസര്‍വേയില്‍ പങ്കെടുക്കാനും ജനങ്ങളെ അതിനനുകൂലമായി വോട്ട് ചെയ്യാനും പ്രേരിപ്പിച്ച അദ്ദേഹം, മഹാരാഷ്ട്രയുമായി ഗോവയെ ചേര്‍ക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കൊങ്കണിയ്ക്ക് ഔദ്യോഗികഭാഷാപദവി നല്‍കുക, ഗോവയ്ക്ക് പ്രത്യേകസംസ്ഥാനപദവി നല്‍കുക, കൊങ്കണിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ അംഗീകൃതഔദ്യോഗികഭാഷയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുളള 'കൊങ്കണി പൊര്‍ജെച്ചോ ആവാസ്' എന്ന സാംസ്‌കാരികമുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
2015ല്‍ പ്രൊഫസര്‍ കല്‍ബുര്‍ഗിയെ വലതുപക്ഷതീവ്രവാദികള്‍ വെടിവച്ചു കൊന്നപ്പോള്‍ അതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച അദ്ദേഹം തീവ്രഹിന്ദുസംഘടനകളുടെ കണ്ണിലെ കരടായി. 2018ല്‍ ഗൗരി ലങ്കേഷിന്റെ വധം അന്വേഷിച്ച കര്‍ണാടക പൊലീസിന്റെ പ്രത്യേകസംഘം തീവ്രവലതുസംഘടനായയ സനാതന്‍ സന്‍സ്ഥ ദാമോദര്‍ മോസോയെ വധിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് വിവരം കിട്ടിയതായി വെളിപ്പെടുത്തി. പിന്നീടിത് സനാതന്‍ സന്‍സ്ഥ നിഷേധിച്ചു. അന്ന് മുതല്‍ ദാമോദര്‍ മോസോയ്ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവന്‍ സര്‍ക്കാര്‍.
സൂദ്, കാര്‍മെലിന്‍, സുനാമി സിമോണ്‍ എന്നിവയാണ് ദാമോദര്‍ മോസോയുടെ നോവലുകള്‍. ഗാഥോന്‍, സാഗ്രന്ന, റുമാദ് ഫുല്‍, ഭുര്‍ഗിം മുഗെലിം ടിം, സപന്‍ മോദി എന്നിവ ചെറുകഥാസമാഹാരങ്ങളും. നിരവധി കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
അസമീസ് കാവ്യശാഖയിലെ പ്രതീകാത്മക കവികളില്‍ പ്രധാനിയാണ് നീല്‍മണി ഫൂക്കന്‍. നിരവധി യൂറോപ്യന്‍, ജാപ്പനീസ് കവിതകള്‍ അദ്ദേഹം അസമീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സൂര്യ ഹേനു നാമി ആഹേ എയ് നൊദിയെദി, ഗുലാപി ജാമുര്‍ ലഗ്‌നാ, കൊബിത എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍. 1981ല്‍ കൊബിത എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന് അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 1990ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2002ല്‍ സാഹിത്യഅക്കാദമി ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍