യു.ഡി.എഫിന് സ്വപ്‌നവിജയം ലക്ഷ്യം എല്‍ഡിഎഫിന് അഭിമാന പോരാട്ടം എന്‍ഡിഎ യ്ക്ക് അട്ടിമറിമോഹം..! ;മണ്ഡലങ്ങളില്‍ സ്റ്റാറായി വയനാട്

കല്‍പ്പറ്റ:രാഹുല്‍ഗാന്ധിയിലുടെ യു.ഡി.എഫ് സ്വപ്‌ന വിജയം പ്രതീക്ഷിക്കുന്ന വയനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് നടത്തുന്നത് അഭിമാനപ്പോരാട്ടം. മണ്ഡലം പരിധിയിലെ മാനന്തവാടി, കല്‍പറ്റ, ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ യഥാര്‍ത്ഥ കരുത്ത് വ്യക്തമാക്കുന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായതിനാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി മൂലമുള്ള വോട്ടുചോര്‍ച്ചയ്ക്കു പഴുതില്ലെന്നുള്ളതും ന്യൂജന്‍ വോട്ടുകളും,നിഷ്പക്ഷ വോട്ടുകളും പെട്ടിയിലാകുമെന്നുള്ളതും യൂഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. രാഹുലെന്ന ദേശീയ രാഷ്ട്രീയതാരത്തെ സംഘടനാ മികവുകൊണ്ട് മലര്‍ത്തിയടിക്കാനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. എന്നാല്‍ വിശ്വാസികളെ കൂട്ടുപിടിച്ചും,ഇടതുവലതുമുന്നണിയുടെ അന്തപുര ബന്ധങ്ങളെ പൊളിച്ചൂകീറിയും അട്ടിമറി നടത്താമെന്ന് എന്‍ഡിഎയും മോഹിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ പെട്ടികളില്‍ വീണ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടുകള്‍ ഇക്കുറി രാഹുലിന്റെ ചിഹ്നത്തില്‍ പതിയാനുള്ള സാധ്യത കൂടുതലാണെന്നാണ് യൂഡിഎഫ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ത്രില്ലിലാണ് ന്യൂജന്‍ വോട്ടവര്‍മാരില്‍ രാഷ്ട്രീയം തലയ്ക്കു പിടിക്കാത്തവര്‍. രാഹുലിലൂടെ വയനാടിനെ ലോകമറിഞ്ഞതിലുള്ള ലഹരിയിലാണ് ന്യൂജന്‍ ഗണത്തിലുള്ളവരില്‍ പലരുമെന്നും യൂഡീംഫ് നേതൃത്വം അവകാശപ്പെടുന്നു. എന്നിരിക്കെ മണ്ഡലത്തിലെ രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയല്ലെന്നു തെളിയിക്കേണ്ട ബാധ്യതയിലാണ് എല്‍.ഡി.എഫ് നേതാക്കള്‍.
വയനാട് മണ്ഡലത്തില്‍ മൂന്നു ലക്ഷം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിനു രാഹുല്‍ഗാന്ധി വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. 2009ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പിലെ ഫലമാണ് ഈ കണക്കിനു ആധാരം. 2009ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിനു 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇതേ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍ 99,643 വോട്ടു നേടി. ഷാനവാസിന്റെ ഭൂരിപക്ഷവും മുരളീധരന്‍ കരസ്ഥമാക്കിയ വോട്ടും കന്നിയുവ വോട്ടര്‍മാരുടെ പങ്കും ചേര്‍ത്തുവച്ചാണ് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞതും മണ്ഡലം പരിധിയില്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരച്ചടികളും താത്കാലിക പ്രതിഭാസമായാണ് യു.ഡി.എഫ് കാണുന്നത്. എന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ എല്‍.ഡി.എഫിനു വളരെ ആഴത്തില്‍ വേരോട്ടം നടത്താനായതിന്റെ ദൃഷ്ടാന്തങ്ങളായാണ് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെ എല്‍.ഡി.എഫ് വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 2009നെ അപേക്ഷിച്ച് 2014ല്‍ ഏഴില്‍ ഒന്നായി കുറഞ്ഞത് താത്കാലിക സംഭവമല്ലെന്നു വ്യക്തമാക്കുന്നതാണ് പിന്നീടു നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെന്നും ഇടതു നേതാക്കള്‍ പറയുന്നു.
നിലവില്‍ മണ്ഡലം പരിധിയിലുള്ള ഏഴു നിയോജകമണ്ഡലങ്ങളില്‍ മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവ ഇടതുമുന്നണിയുടെ പക്കലാണ്. ബത്തേരി, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളാണ് യു.ഡി.എഫിനുള്ളത്. മണ്ഡലത്തിലെ അഞ്ച് മുനിസിപ്പാലിറ്റികളില്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി, മുക്കം എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. നിലമ്പൂര്‍ മുനിസിപ്പാലിറ്റി മാത്രമാണ് യു.ഡി.എഫിന്റെ കൈവശം. മണ്ഡലത്തിലെ 50 ഗ്രാമപ്പഞ്ചായത്തുകളില്‍ 21 എണ്ണം മാത്രമാണ് യു.ഡി.എഫിന്. ഇടതു മുന്നണിയുടെ നിയന്ത്രണത്തിലാണ് 29 പഞ്ചായത്തുകള്‍. ഈ കണക്കുകള്‍ നിരത്തിയാണ് വയനാട് രാഹുലിനു വാട്ടര്‍ലൂ ആകുമെന്നും 1977ല്‍ മുത്തശിക്കുണ്ടായതുപോലെത്തെ അനുഭവമാകുമെന്നും എല്‍.ഡി.എഫ് പറയുന്നത്. ഇതു വെറുതെയല്ലെന്നു തെളിയിക്കാന്‍ മണ്ഡലത്തില്‍ അരയും തലയും മുറുക്കിയിരിക്കയാണ് ഇടതുനേതാക്കളും പ്രവര്‍ത്തകരും.
കാര്‍ഷിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയങ്ങളില്‍ ഒന്ന്. കാര്‍ഷിക പ്രതിസന്ധിക്കു അടിസ്ഥാന കാരണം പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസാണെന്നു സ്ഥാപിക്കാനും അതുവഴി കൈപ്പത്തി അടയാളത്തിലേക്കുള്ള വോട്ടൊഴുക്കു തടയാനുമാണ് എല്‍.ഡി.എഫ് ശ്രമം. ഇതിന്റെ ഭാഗമായാണ് മുന്നണി ഇന്നലെ പുല്‍പള്ളിയില്‍ കര്‍ഷക പാര്‍ലമെന്റും കിസാന്‍ റാലിയും സംഘടിപ്പിച്ചത്. നാളെ(14) മണ്ഡലത്തിലെ മുഴുവന്‍ വീടുകളും കടകളും കയറി നടത്തുന്ന സ്‌ക്വാഡ് വര്‍ക്കിന്റെ ലക്ഷ്യവും മറ്റൊന്നല്ല. രാഹുല്‍ഗാന്ധിയോടു പത്തു ചോദ്യങ്ങള്‍ എന്ന തലക്കെട്ടില്‍ തയാറാക്കിയ ലഘുലേഖയുടെ പകര്‍പ്പുകളുമായാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുകളും കടകളും കയറുക. കാര്‍ഷിക പ്രതിന്ധിക്കു ആധാരമായ മുഴുവന്‍ ഉടമ്പടികളുടെയും നയപരിപാടികളുടെയും ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നു സ്ഥാപിക്കുന്ന വിധത്തില്‍ തയാറാക്കിയതാണ് ലഘുലേഖ. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരണമെന്ന പൊതുജന ഹിതത്തിനു വിരുദ്ധമായാണെന്നും എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്കു മുന്നില്‍ വാദിക്കുന്നുണ്ട്. ഇതെല്ലാം എത്രകണ്ടു ഏശിയെന്നു വ്യക്തമാകാന്‍ വോട്ടെടുപ്പും എണ്ണലും കഴിയണം.
ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. രാഹുലുമായി മത്സരിക്കുന്നതിനാണ് തുഷാര്‍ തൃശൂര്‍ വിട്ട് വയനാട്ടിലെത്തിയത്. മണ്ഡലത്തില്‍ എന്‍.ഡി.എയുടെ കരുത്തു തെളിയിക്കണമെന്ന വാശിയിലാണ് തെരഞ്ഞെടുപ്പു പ്രചാരണവുമായി മണ്ഡലം നിറഞ്ഞുനില്‍ക്കുന്ന തുഷാറും കൂട്ടരും. വയനാട്ടില്‍ മത്സരം താനും രാഹുലും തമ്മിലാണെന്നു അവകാശപ്പെടാനും തുഷാറിനു മടിയില്ല. 2009ല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. വാസുദേവനു 31687 വോട്ടാണ് ലഭിച്ചത്. 2014ല്‍ ഇതേ പാര്‍ട്ടിയിലെ പി.ആര്‍. രശ്മില്‍നാഥ് 80,752 വോട്ടു പിടിച്ചു. ഇത്തവണ എന്‍.ഡി.എ വോട്ട് ഒന്നര ലക്ഷത്തിനടുത്ത് എത്തിക്കാനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ വിശ്വാസികളെ കൂട്ടുപിടിച്ചും,ഇടതുവലതുമുന്നണിയുടെ അന്തപുര ബന്ധങ്ങളെ പൊളിച്ചൂകീറിയും അട്ടിമറി നടത്താമെന്നും എന്‍ഡിഎ മോഹിക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍