അനാഥനായ അര്‍ബുദരോഗി ചികിത്സാസഹായം തേടുന്നു
വെള്ളമുണ്ട. ജീവിത സായന്തനത്തില്‍ അര്‍ബുദം ബാധിച്ച് ഒറ്റപ്പെട്ടുപോയ കര്‍ഷകത്തൊഴിലാളിയായ മദ്ധ്യവയസ്‌കന്‍ ചികിത്സാ സഹായം തേടുന്നു. മൊതക്കര മാനിയില ഒറ്റമുറിയില്‍ ബന്ധുക്കളാരുമില്ലാതെ തളര്‍ന്നിരിക്കുന്ന പോഴത്തിങ്കല്‍ ഇമ്മാനുവലാണ് ഉദാരമതികളുടെ കരുണ തേടുന്നത്.ഈ മറുനാട്ടുകാരനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂലിപ്പണിയുമായി ഇമ്മാനുവല്‍ വയനാടിന്റെ ചുരം കയറി എത്തിയത്.ദിനേനയുള്ള ചെലവുകള്‍ക്ക് അധ്വാനിച്ച് വരുമാനം കണ്ടെത്തും.ആരോടും സൗമ്യമായി മാത്രം ഇടപെടും.ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നാട്ടുകാരിലും ഇമ്മാനുവല്‍ എന്ന മറുനാട്ടുകാരന്‍ എളുപ്പം സൗഹൃദം പിടിച്ചുപറ്റി.പ്രായം വകവെക്കാതെ കൂലിപ്പണിയെടുത്ത് ആര്‍ക്കും ബാധ്യതയാവാതെയായിരുന്നു ഇക്കാലം വരെയും ഇയാളുടെ ഉപജീവനം.ഇതിനിടയിലാണ് അര്‍ബുദം ഇമ്മാനുവലിനെ അവശനാക്കുന്നത്. രോഗം രണ്ടിലധികം സ്റ്റേജ് പിന്നിട്ടതിനാല്‍ ഇനിയുള്ള ചികിത്സ ചെലവേറിയതാണ്.റേഡിയേഷനടക്കമുള്ള ചികിത്സ ലഭ്യമാക്കണം.വിദഗ്ധ ചികിത്സക്ക് മറ്റ് ആസ്പത്രികള്‍ തേടണം ഇതിനെല്ലാമായി വന്‍ തുക തന്നെ വേണം.എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീടെന്ന ഇമ്മാനുവലിന്റെ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കണം.സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ഒന്നും ലഭിച്ചിട്ടില്ല.മറ്റെവിടേക്കും ഇയാള്‍ക്ക് പോകാനും ഇടമില്ല.ഈ അവസ്ഥയില്‍ എവിടെ നിന്നും കിട്ടുന്ന സഹായം മാത്രാണ് ഇനി ആശ്രയം.നിത്യചെലവിനും ഒരു നേരത്തെ ഭക്ഷണത്തിനും മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല.ഇമ്മാനുവലിന്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിന് എ.ശശിധരന്‍,പാര്‍വ്വതി ഹൗസ്,കൊട്ടാരക്കുന്ന് പി.ഒ .670731 കണ്‍വീനറായും കെ.പി.രാജന്‍ കൊമ്പന്‍പെയില്‍ ഹൗസ്,കൊട്ടാരക്കുന്ന്.പി.ഒ 670731 രക്ഷാധികാരിയായും 11 അംഗ കമ്മറ്റി രൂപ വത്കരിച്ചു.കേരള ഗ്രാമീണ്‍ ബാങ്ക് വെള്ളമുണ്ട ശാഖയില്‍ 40411101014374 (ഐ.എഫ്.എസ്.ഐ കോഡ് 0040411) നമ്പര്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍