കുരങ്ങുപനി ; പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

കല്‍പ്പറ്റ:കര്‍ണാടക ശിവമൊഗ്ഗ ജില്ലയില്‍ കുരങ്ങുപനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ രോഗബാധയൊന്നും റിപ്പോര്‍ട്ട്് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഗബാധ തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. രോഗം പടരാന്‍ ഇടയുള്ള മേഖലകളില്‍ വനത്തിനകത്ത് ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് കുരങ്ങ് പനിയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും കുരങ്ങ് പനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണെന്ന് ഡി.എം.ഒ. അറിയിച്ചു. വനത്തിനകത്ത് മേയാന്‍ പോകുന്ന കന്നുകാലികള്‍ക്ക് പുരട്ടാനുള്ള രോഗ പ്രതിരോധ ലേപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മുഖേനയും വിതരണം ചെയ്യും.
നിലവില്‍ കുരങ്ങുപനി ബാധ വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചിട്ടില്ല. മുന്‍ കരുതല്‍ നടപടികള്‍ മാത്രമാണ് കൈക്കൊള്ളുന്നത്. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
• വനത്തിനുളളില്‍ പോകുമ്പോള്‍ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെളള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കണം.
• ചെളളിനെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.
• കാട്ടില്‍ നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുക. ചൂട് വെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക.
• ശരീരത്തില്‍ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍, അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക.
• ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം.
• കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.
• രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും പൂര്‍ണ്ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാന്‍ സഹായിക്കും.
• യാതൊരുകാരണവശാലും സ്വയം ചികിത്സിക്കരുത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍