കെയര്‍ ഹോം പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി ;ജില്ലയില്‍ 84 പേര്‍ ഗുണഭോക്താക്കള്‍

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന കെയര്‍ ഹോം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ടൗണ്‍ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രളയകാലത്തെ അതിജീവിച്ച കേരള ജനതയുടെ ഐക്യം പുനര്‍നിര്‍മ്മാണത്തിലും ആവശ്യമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വീട് നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ പല പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണ്. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന രണ്ടായിരം കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഈ പദ്ധതി വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 84 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കെയര്‍ ഹോം പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് സഹകരണ വകുപ്പ് ചെലവഴിക്കുക. വീടുകള്‍ നിര്‍മിക്കുന്ന സ്ഥലത്തെ സഹകരണ സംഘങ്ങള്‍ക്കാണ് നിര്‍മാണ ചുമതല. ഇതിനായി 36 പ്രാദേശിക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കനുസരിച്ചാവും വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കുക. 2019 മാര്‍ച്ച് 31 നകം താക്കോല്‍ കൈമാറാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്.കെയര്‍ ഹോം പദ്ധതിയുടെ ജില്ലാതല നിര്‍വഹണ സമിതിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമാണ്. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്് ഡെപ്യൂട്ടി രജിസ്ട്രാര്‍, ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പാള്‍, രണ്ടു സംഘം പ്രതിനിധികള്‍ അംഗങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ മൂന്നു പേരടങ്ങുന്ന സാങ്കേതിക സമിതി രൂപീകരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച സാങ്കേതിക വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.
ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, എ.ഡി.എം കെ. അജീഷ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി റഹീം തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍