കൊട്ടും കുരവയുമായി തീയേറ്ററുകള്‍ ഉണര്‍ന്നു ;മാസ്റ്ററിന് ജില്ലയില്‍ വന്‍ സ്വീകരണം

പുല്‍പ്പള്ളി: 10 മാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ തുറന്നപ്പോള്‍ വയനാട് ജില്ലയിലും ആവേശത്തിന് അതിരില്ല. നികുതി ഇളവുകള്‍ അടക്കമുള്ള തിയ്യറ്റര്‍ ഉടമകളുടെ മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചതോടെ കാണികള്‍ക്കൊപ്പം തിയ്യറ്റര്‍ ഉടമകള്‍ക്കും ഇരട്ടി സന്തോഷം. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ഇളയദളപതി വിജയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന് മികച്ച സ്വീകരണമാണ് വയനാടന്‍ സിനിമാപ്രേമികള്‍ നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു പ്രദര്‍ശനം. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത്.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ രാവിലെ 9.15 ഓടെ തന്നെ ജില്ലയിലെ ഒട്ടുമിക്ക തിയ്യറ്ററുകളിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ആദ്യ പ്രദര്‍ശനം നടന്നത്. പ്രേക്ഷകരുടെ ശരീര ഊഷ്മാവ് നോക്കിയതിന് ശേഷം, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിപ്പിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്. കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നതോടെ പ്രതിസന്ധിയില്‍ തുടരുന്ന തിയറ്റര്‍ മേഖലക്ക് ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍