കെ.ജി രവീന്ദ്രന്റെ പത്രിക തള്ളിയ നടപടി ജനാധിപത്യത്തിനേറ്റ കളങ്കം: അഡ്വ.ടി.ജെ ഐസക്
കല്‍പ്പറ്റ: മത്സരിച്ച് ജയിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് അനുഭാവികളായ റിട്ടേണിംഗ് ഓഫീസര്‍മാരെ സ്വാധീനിച്ച് യഥാര്‍ഥ്യത്തില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥികളെ കുറുക്കുവഴികളിലൂടെ മാറ്റിനിര്‍ത്തി വിജയം നേടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പ്പറ്റ നഗരസഭ വെള്ളാരംകുന്ന് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കോടതിയുടെ നിരീക്ഷണം റിട്ടേണിംഗ് ഓഫീസര്‍ ചെയ്തത് പക്ഷപാതപരമാണെന്നും നോമിനേഷന്‍ തള്ളിയത് ശരിയല്ലെന്നുമാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയത് കൊണ്ട് മറ്റു നടപടികളിലേക്ക് കടക്കുന്നില്ല, തെരഞ്ഞെടുപ്പിന് ശേഷം കോടതി തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ്. ബോധപൂര്‍വമായി നോമിനേഷന്‍ തള്ളിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും, തെരഞ്ഞെടുപ്പ് നടത്തിയതിലെ ക്രമക്കേടും അപകാതകളും പരിഹരിക്കുന്നതിന് നിയമപരമായ നടപടിയുമായി യു ഡി എഫും കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിചിത്രമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്കോ നഗരസഭയിലേക്കോ ഏതെങ്കിലും കുടിശികയുമായി ബന്ധപ്പെട്ട് ബില്ലോ നോട്ടീസോ ഉണ്ടാവണം. ഇത് വിനോദനികുതിയുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയാണ്. ഈ തുക തിരിച്ചടക്കണമെന്ന നടപടികളുമായി ഭാഗമായി കെ ജി രവീന്ദ്രന്‍ സെക്രട്ടറിയായിരിക്കെ ബന്ധപ്പെട്ട് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചില കക്ഷികള്‍ കോടതിയില്‍ പോയി അതിന് സ്‌റ്റേ വാങ്ങി. സര്‍ക്കാര്‍ ഉത്തരവിലൂടെ നികുതി ഇളവ് ചെയ്തുകൊടുക്കുകയും പിന്നീട് ആ തുക തിരിച്ചുപിടിക്കുകയും ചെയ്തുവെന്ന് പറയുമ്പോള്‍ കെ ജി രവീന്ദ്രന്‍ സെക്രട്ടറിയെന്ന നിലയില്‍ കൃത്യമായി തന്റെ ഡ്യൂട്ടി നിര്‍വഹിച്ചിട്ടുണ്ട്. വ്യക്തിപരമായി ഒരു ബാധ്യതയും അദ്ദേഹത്തിനില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സര്‍ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഏതെങ്കിലും വിധത്തില്‍ ഓഡിറ്റ് വിഭാഗം എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ തുക തിരിച്ചടക്കണമെങ്കില്‍ സര്‍ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. ആ സര്‍ട്ടിഫിക്കറ്റില്‍ ഇത്രദിവസത്തിനുള്ളില്‍ തുക തിരിച്ചടക്കണമെന്നും വ്യക്തമാക്കണം. എന്നാല്‍ ഇവിടെ അതൊന്നുമില്ലാതെ രാഷ്ട്രീയപ്രേരിതമായി സി പി എമ്മുകാര്‍ പറയുന്നത് കേട്ട് മത്സരിക്കാന്‍ യോഗ്യതയുള്ള ഒരാളെ അയോഗ്യനാക്കി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. റിട്ടേണിംഗ് ഓഫീസറുടെ ഈ നടപടി അംഗീകരിക്കാനാവാത്തതാണ്. ഇത് ജനാധിപത്യത്തിനും തെരഞ്ഞെടുപ്പിനുമുണ്ടായ ഏറ്റവും വലിയ കളങ്കമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിംഗ് ഓഫീസറായ അബ്ദുള്‍ റഷീദിനെ തത്സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യാഴാഴ്ച രാവിലെ തന്നെ കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ അഴിമതികള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ശബരിമല സ്വര്‍ണകൊള്ളയും, ബ്രഹ്മഗിരി അഴിമതിയും ഒക്കെയിന്ന് കത്തി നില്‍ക്കുകയാണ്. സി പി എം നേതാക്കള്‍. മുന്‍ എം എല്‍ എമാര്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളൊക്കെ ജയിലിലാകുമ്പോള്‍ സര്‍വീസില്‍ ഒരിക്കല്‍ പോലും അഴിമതിയുടെ കറപുരളാത്ത, സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുള്‍റഷീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഉത്തരം ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പച്ചക്ക് രാഷ്ട്രീയം കളിക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു താക്കീതായിരിക്കുമെന്നും ഐസക് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, പി പി ആലി, കെ ജി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
