കെ സി വേണുഗോപാലിന്റെ പ്രസ്താവന വയനാട്ടുകാര്‍ തള്ളിക്കളയും: കെ.റഫീഖ്
കല്‍പ്പറ്റ: ബിഹാറില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കിയതിന് ശേഷം ചുരം കയറി വയനാട്ടിലെത്തിയ കെ സി വേണുഗോപാല്‍ സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയാണ് പറയുന്നതെന്ന അമ്പരപ്പിലാണ് വയനാട്ടുകാരെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്.
വയനാട്ടിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എന്താണ് ചെയ്തിരിക്കുന്നത്, ഇടതുപക്ഷം എന്താണ് ചെയ്യുന്നത് എന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ചായക്കടകള്‍ തോറും സ്ഥലം എം പിയായിരുന്ന രാഹുല്‍ ഗാന്ധിയെയും ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയെയും കൈ പിടിച്ച് ആനയിക്കുന്ന കെ സി വേണുഗോപാല്‍ ഒരു വട്ടമെങ്കിലും 1972ലെ വനം വന്യജീവി നിയമത്തിനെതിരെ പോരാടണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ഈ വിഷയത്തില്‍ ഇവരെന്താണ് പാര്‍ലമെന്റില്‍ വാ തുറക്കാത്തതെന്നും അദ്ദേഹം പ്രസ്താവിച്ചു.
പൂര്‍ണമായ പ്രസ്താവന:
ബിഹാറില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കിയതിന് ശേഷം ചുരം കയറി വയനാട്ടിലെത്തിയ കെ സി വേണുഗോപാല്‍ സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയാണ് പറയുന്നതെന്ന അമ്പരപ്പിലാണ് വയനാട്ടുകാര്‍.
വയനാട്ടിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എന്താണ് ചെയ്തിരിക്കുന്നത്, ഇടതുപക്ഷം എന്താണ് ചെയ്യുന്നത് എന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോടു പോകുകയാണ്. വന്യമൃഗ ശല്യത്തിന് ഇരയാകുന്ന വയനാട്ടിലെ അടക്കമുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ഏറ്റവും സന്തോഷത്തോടെയാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നത്. വയനാട്ടിലെ കര്‍ഷക ജനസാമാന്യത്തിന് വലിയ ആശ്വാസമായി മാറാന്‍ പോകുന്നതാണ് പുതിയ നിയമനിര്‍മ്മാണത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം. രാജ്യത്തെ സംബന്ധിച്ചും വിപ്ലവകരമായ ഒരു നിയമ നിര്‍മ്മാണത്തിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
വയനാട്ടിലെ അടക്കമുള്ള വന്യജീവി ശല്യത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് തടസ്സമായി നില്‍ക്കുന്ന 1972ലെ വനം വന്യജീവി നിയമത്തെക്കുറിച്ച് കെ സി വേണുഗോപാലിന് എന്താണ് പറയാനുള്ളത്. ബിജെപിക്ക് സ്വന്തം സീറ്റ് താലത്തില്‍ വെച്ച് കൊടുക്കുന്നത് വരെ രാജ്യസഭ എം പി ആയിരുന്നല്ലോ കെ സി വേണുഗോപാല്‍. അതിന് പ്രത്യുപകാരമായി കിട്ടിയ ആലപ്പുഴ എം പി സ്ഥാനവും ഇപ്പോള്‍ കെ സി വേണുഗോപാലിനുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍ നടത്തിയ ഒരു ഇടപെടലെങ്കിലും ചൂണ്ടി കാണിക്കാന്‍ കഴിയുമോ?
വയനാട്ടിലെ ചായക്കടകള്‍ തോറും സ്ഥലം എം പിയായിരുന്ന രാഹുല്‍ ഗാന്ധിയെയും ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയെയും കൈ പിടിച്ച് ആനയിക്കുന്ന കെ സി വേണുഗോപാല്‍ ഒരു വട്ടമെങ്കിലും 1972ലെ വനം വന്യജീവി നിയമത്തിനെതിരെ പോരാടണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ഈ വിഷയത്തില്‍ ഇവരെന്താണ് പാര്‍ലമെന്റില്‍ വാ തുറക്കാത്തത്.
ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഈ നിയമം ഏഴ് തവണയാണ് പിന്നീട് ഭേദഗതി ചെയ്തതത്. അതില്‍ അഞ്ച് തവണയും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഭേദഗതിയ്ക്ക് മുന്‍കൈ എടുത്തത്. രണ്ടുതവണ ബി ജെ പി സര്‍ക്കാരുകളും ഇത് ഭേദഗതി ചെയ്തു. ഏറ്റവും ഒടുവില്‍ നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാരാണ് ഈ നിയമം 2022ല്‍ ഭേദഗതി ചെയ്യുന്നത്. അന്ന് കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എം പിയെങ്കിലും ഭേദഗതിക്കെതിരെ ഒരക്ഷരം ഉരിയാടിയോ? ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയായ ജോണ്‍ ബ്രിട്ടാസാണ് ജനപക്ഷ ഭേദഗതി അവതരിപ്പിച്ചത്. എന്നാല്‍ അതിനെയൊന്ന് പിന്തുന്നയ്ക്കാന്‍ പോലും കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എം പിമാരും തയ്യാറായില്ല.
വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ നടത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ കൃഷി അസാധ്യമാക്കുന്ന കാട്ടുപന്നി പോലെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്ന്
കേരളം നിരവധി തവണയാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കടുവയുടെ പ്രധാന ഭക്ഷണം കാട്ടുപന്നിയാണെന്നും അതിനാല്‍ ക്ഷുദ്ര ജീവി ആക്കാന്‍ പറ്റില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് നല്‍കി. എന്നിട്ടും കേന്ദ്രം പ്രതികരിച്ചില്ല.
വസ്തുതകള്‍ ഇതായിരിക്കെ മലര്‍ന്ന് കിടന്ന് തുപ്പാന്‍ കെ സി വേണുഗോപാലിന് ലജ്ജയില്ലേ എന്നാണ് വയനാട്ടുകാര്‍ക്ക് ചോദിക്കാനുള്ളത്.
വനംവന്യജീവി നിയമവുമായി ബന്ധപ്പെട്ട് ജനവിരുദ്ധമായ ചില ഭേദഗതി നിര്‍ദേശങ്ങള്‍ 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത് ദേശീയ വാര്‍റൂമിന്റെ ചുമതലയുള്ളതിനാല്‍ കെ സി വേണുഗോപാലിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാണോ? എന്നാല്‍ മനസ്സിലാക്കുക പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരാണ് വയനാട്ടിലെ ജനങ്ങളെ അടക്കം ബാധിക്കുമായിരുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിയത്.
വയനാട്ടിലെ ജനങ്ങളെ അടക്കം ബാധിക്കുന്ന വന്യമൃഗ ശല്യം പരിഹരിക്കാന്‍ തടസ്സമായി നില്‍ക്കുന്ന 1972ലെ വനം വന്യജീവി നിയമം കൊണ്ടു വന്നതും പലകാലങ്ങളിലായി ജനദ്രോഹപരമായി ശക്തിപ്പെടുത്തിയതും കോണ്‍ഗ്രസാണ്. ഇന്ന് ആ നിയമം കൂടുതല്‍ കാര്‍ക്കശ്യത്തോടെ നടപ്പിലാക്കുന്നത് ബിജെപി സര്‍ക്കാരാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് വന്യമൃഗ ശല്യത്തില്‍ നിന്ന് വയനാട്ടിലെ അടക്കമുള്ള ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രായോഗികവും അടിയന്തരവുമായ നടപടികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. അത് വയനാട്ടിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബോധ്യമുള്ളതാണ്. അതിനാല്‍ ഇടതുപക്ഷത്തിന് കെ സി വേണുഗോപാലിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ വിഷയത്തില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടതെന്ന് രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ബീഹാറിലുമെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് മറന്ന് പോയത് പോലെ കോണ്‍ഗ്രസിന്റെ 'വാര്‍റൂം സ്‌പെഷ്യലിസ്റ്റ്' ഇവിടെയും മറക്കുന്നുണ്ട് എന്ന് കാണാതെ പോകണ്ട.
കെ റഫീഖ്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
