വന്യജീവി സാന്നിധ്യമുള്ള മേഖലകളില്‍ ഇനി വെളിച്ചം; സൗരവിളക്കുകളുമായി വനംവകുപ്പ്; 15ഓളം സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു; വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാന്‍ നടപടി
മാനന്തവാടി: വന്യജീവി സാന്നിധ്യം പതിവായ ജനവാസ മേഖലകളില്‍ രാത്രികാല സുരക്ഷ ഉറപ്പാക്കാന്‍ സൗരോര്‍ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ഇരുട്ടില്‍ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനാകാതെ അപകടങ്ങളില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങളില്‍ വിളക്കുകള്‍ സ്ഥാപിച്ചത്.
കീ സ്‌റ്റോണ്‍ ഫൗണ്ടേഷന്റെ സഹായത്തോടെ അറവനാഴി, പനവല്ലി, അവരമൂല, എമ്മടി, ഷാണമംഗലം, ബാവലി, മാനിവയല്‍, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂര്‍, പഞ്ചാരക്കൊല്ലി, പണിയന്‍കുഴിമല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയില്‍ എന്നിവിടങ്ങളിലായി 15ഓളം സൗരോര്‍ജ തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്.
വന്യജീവിമനുഷ്യ സംഘര്‍ഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഗ്രാമതല യോഗങ്ങള്‍ സംഘടിപ്പിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. വിളക്കുകളുടെ പരിപാലനത്തിലും സംരക്ഷണത്തിലും ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്‍. സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ബേഗൂര്‍, മാനന്തവാടി, പേര്യ റെയ്ഞ്ചുകളുടെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്.
സൗരവിളക്കുകള്‍ സ്ഥാപിച്ചതോടെ രാത്രിയില്‍ വന്യജീവികളുടെ സാന്നിധ്യം നേരത്തേ തിരിച്ചറിയാനും അതുവഴി അപകടസാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. വന്യജീവി ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പദ്ധതി ഏറെ ആശ്വാസകരമായിട്ടുണ്ട്.
ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി. സത്യന്‍, വി.ആര്‍. ഷാജീവ്, പി. സുബൈര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഇ.സി. രാജു, സിജോ തോമസ്, രാജേഷ്, കീ സ്‌റ്റോണ്‍ ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ കെ.ജി. രാമചന്ദ്രന്‍, ജീവനക്കാരായ പി.ബി. സനീഷ്, എന്‍.എം. വിഷ്ണു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. പ്രകാശന്‍, എസ്.ആര്‍. നവീന്‍, ജി.എല്‍. പ്രശാന്ത്, കെ. സുനില്‍കുമാര്‍, പ്രശാന്തന്‍, വി.പി. സനൂപ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
