മതത്തിന്റെ അതിരുകള്‍ക്കപ്പുറം മാതൃസ്‌നേഹം; കല്യാണി അമ്മയ്ക്ക് അന്ത്യകര്‍മം ചെയ്ത് റസാക്കും സുലൈമാനും
ചിത്രഗിരി: മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ മാതൃകയായി റസാക്കും സുലൈമാനും. മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന കല്യാണി അമ്മയുടെ (85) അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് അരനൂറ്റാണ്ടോളം അയല്‍വാസികളായി കഴിഞ്ഞ ഈ രണ്ട് പേരാണ്. കുഞ്ഞുനാള്‍ മുതല്‍ തങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച അമ്മയ്ക്ക് അവസാന യാത്രയിലും മക്കളായി ഒപ്പം നില്‍ക്കുകയായിരുന്നു ഇരുവരും. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയിലാണ് നാടിന്റെ മനസ്സ് നിറച്ച ഈ സംഭവം. വര്‍ഷങ്ങളായി കല്യാണി അമ്മയുടെ എല്ലാ കാര്യങ്ങളിലും റസാക്കിന്റെയും സുലൈമാന്റെയും കുടുംബം താങ്ങും തണലുമായി നിന്നിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും ആശുപത്രിയില്‍ കൊണ്ടുപോകുന്നതും മരുന്നുകള്‍ എത്തിക്കുന്നതുമുള്‍പ്പെടെ അമ്മയുടെ പരിചരണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അവര്‍ സന്തോഷത്തോടെ ഏറ്റെടുത്തു. കുടുംബത്തിലെ ആഘോഷങ്ങളിലും വിശേഷങ്ങളിലും കല്യാണി അമ്മയും ഒരാളായി.സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന റസാക്കും സുലൈമാനും തന്നെ തന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്ന ആഗ്രഹം കല്യാണി അമ്മ നേരത്തേ പങ്കുവെച്ചിരുന്നു. ആ ആഗ്രഹം നിറവേറ്റിയാണ് ഇരുവരും അന്ത്യകര്‍മങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. ആണ്ടൂര്‍കുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങുകളില്‍ ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ കര്‍മങ്ങളും റസാക്കും സുലൈമാനും നിര്‍വഹിച്ചു. മതവിശ്വാസങ്ങള്‍ വ്യത്യസ്തമായിരുന്നിട്ടും സ്‌നേഹത്തിന്റെയും കരുതലിന്റെയും കാര്യത്തില്‍ ഒരുമിച്ച് നിന്ന ഈ കാഴ്ചയ്ക്ക് നാടൊന്നാകെ സാക്ഷിയായി. മതത്തിന്റെ അതിര്‍വരമ്പുകളേക്കാള്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിലയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതായി ഈ സ്‌നേഹബന്ധം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
