ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷന്‍ തൂഫാന്‍' തുടരും: മന്ത്രി രമേശ് ചെന്നിത്തല ;മാനന്തവാടിയില്‍ പുതിയ പൊലീസ് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു
മാനന്തവാടി: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായി തുടരുമെന്നും ദൗത്യം വിജയകരമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടിയില്‍ 2.7 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെയും 3.12 കോടി രൂപ അനുവദിച്ച പുതിയ ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെയും തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിലൂടെ ഇതുവരെ 15,742 പേരെ അറസ്റ്റ് ചെയ്തതായും 13,500 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി അറിയിച്ചു. കാപ്പ നിയമ പ്രകാരം 60 പേരെയും കരുതല്‍ തടങ്കലിലൂടെ 45 ലധികം ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 200 കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി നശിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസുമായി ചേര്‍ന്ന് ലഹരികടത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള പൊലീസ് ഇന്ത്യയിലെ പൊലീസിന് തന്നെ മാതൃകയാണെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഫയര്‍ഫോഴ്‌സ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.
ഉഷ വിജയന്‍ എം.എല്‍.എ അധ്യക്ഷയായ പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പുട്ട വിമലാദിത്യ, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹര്‍, മേഖല ഫയര്‍ ഓഫീസര്‍ പി. രഞ്ജിത്ത്, മാനന്തവാടി എ.എസ്.പി ബി. കാര്‍ത്തിക്, നഗരസഭാംഗം പി.കെ ഹംസ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
