വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
വാഴവറ്റ: വാഴവറ്റയില്‍ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. പ്രസ്തുത കേസില്‍ അയല്‍വാസിയായ അറുപതുകാരിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വാഴവറ്റ എടത്തില്‍ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയില്‍ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 28ന് രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം വാക്കേറ്റത്തിനിടയില്‍ പ്രതി അമ്മിണി മരണപ്പെട്ട അമ്മിണിയുടെ കഴുത്ത് ഞെരിക്കുകയും, ഗുരുതരമായി പരിക്കേറ്റ അമ്മിണി പിന്നീട് മരണപ്പെടുകയുമായിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.തുടര്‍ന്ന് ഇന്ന് പ്രതിയായ അമ്മിണിയെ അറസ്റ്റ് ചെയ്ത് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെയും, എസ് ഐ കെ എം സന്തോഷ് മോന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
