പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സാമൂഹിക സാമ്പത്തിക ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാടുകള്‍ ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ്. മറ്റ് ജില്ലകളില്‍ സ്വീകരിക്കുന്ന വികസന സമീപനം വയനാടിന് അനുയോജ്യമല്ലെന്നും ജില്ലയുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികളും അധിക ഫണ്ടിങ്ങും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയുടെ വികസനത്തിന് കാര്‍ഷിക ടൂറിസം മേഖലകളില്‍ മികച്ച സാധ്യതകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ്, സംഭരണം, പായ്ക്കിങ്, കയറ്റുമതി തുടങ്ങിയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. കാപ്പി ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, പുനര്‍ കൃഷി വിപുലീകരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. റെയില്‍, വ്യോമ, റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനും ബദല്‍ റോഡുകളുടെ വികസനത്തിനും നടപടികള്‍ വേണം.
ഗോത്ര വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, നൈപുണി വികസനം, ഭവന സൗകര്യം, ശുചിത്വം തുടങ്ങിയ മേഖലകളിലെ ന്യൂനതകള്‍ പരിഹരിക്കാനും പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ദുരന്തപ്രതിരോധ ശേഷിയുള്ള വികസന മാതൃകയും കാലാവസ്ഥാ സൗഹൃദ കാര്‍ഷിക സംവിധാനങ്ങളും രൂപപ്പെടുത്തണമെന്നും മന്ത്രി ശില്പശാലയില്‍ നിര്‍ദേശിച്ചു. ജില്ലയുടെ വികസനത്തിനായുള്ള പദ്ധതി വിഹിതത്തിന് പുറമെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ടിങ്ങും ഉറപ്പാക്കണം. ഇമാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് വയനാട് മുന്നേറുകയാണെന്നും അടുത്ത ഘട്ടമായി പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
2027–32 കാലയളവിലേക്കുള്ള പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായി ജില്ലയുടെ വികസന മുന്‍ഗണനകള്‍ നിര്‍ണയിക്കുക, വിവിധ മേഖലകളിലെ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍ എന്നിവ വിലയിരുത്തുക, സമീപനരേഖ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. യോഗത്തില്‍ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, നഗരസഭാ അധ്യക്ഷന്മാരായ പി. വിശ്വനാഥന്‍, റസീന അബ്ദുള്‍ ഖാദര്‍, ജേക്കബ് സെബാസ്റ്റ്യന്‍,സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി. വിജയരാഘവന്‍, പി.പി. ബാലന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, വരുണ്‍ സന്തോഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. കലാമുദ്ദീന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
