അധ്യാപകന്റെ സ്ഥലംമാറ്റം: അധ്യാപകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി: കെ.എസ്.ടി.എ
കല്‍പ്പറ്റ: മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി അതിക്രൂരവും, വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന അധ്യാപകരുടെയാകെ മനോവീര്യം തകര്‍ക്കുന്നതുമാണെന്ന് കെ.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ മദ്യപിച്ചു എന്ന ആരോപണം ഉയര്‍ത്തി ആള്‍ക്കൂട്ട വിചാരണ നേരിട്ട അധ്യാപകന്‍, തന്റെ രക്തപരിശോധന നടത്തി നിരപരാധിത്വം സമൂഹത്തിന് മുന്നില്‍ തെളിയിച്ചിട്ടും, വൈരാഗ്യബുദ്ധിയോടെയുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല.തെറ്റായ ആരോപണം ഉന്നയിച്ചത് മുതല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയതും, ഒരു തെറ്റും ചെയ്യാത്ത അധ്യാപകനെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയതും എല്ലാം കൃത്യമായ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വേണം മനസ്സിലാക്കാനെന്നും കെ.എസ്.ടി.എ ആരോപിച്ചു.
വയനാട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഷിവി കൃഷ്ണന്‍ പ്രിന്‍സിപ്പലായ കാലയളവില്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി നില്‍ക്കുന്ന ഈ വിദ്യാലയത്തെ തകര്‍ക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ നടപടിക്കെതിരെ പൊതുവിദ്യാലയത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തുവരണം. വിനോദയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ക്കു പിന്നിലും, സംഭവങ്ങള്‍ക്കു പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണം.
പ്രസ്തുത നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം കടുത്ത പ്രതിഷേധ നടപടികള്‍ക്ക് കെ.എസ്.ടി.എ നേതൃത്വം നല്‍കും. 2 /11/ 2026 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മീനങ്ങാടിയില്‍ നടക്കുന്ന പ്രകടനത്തിലും വിശദീകരണ യോഗത്തിലും പൊതുവിദ്യാലയങ്ങളെ സ്‌നേഹിക്കുന്ന മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ജില്ലാ സെക്രട്ടറി ടി രാജന്‍ അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
