കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
തിരുനെല്ലി: കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി തിരിച്ചയച്ച വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബേഗൂര്‍, തെറ്റ് റോഡ് എന്നിവിടങ്ങളില്‍ രാത്രി പരിശോധനയുടെ പേരില്‍ പ്രദേശവാസികളെയും യാത്രക്കാരെയും തടഞ്ഞുനിര്‍ത്തുകയും തിരിച്ചയക്കുകയും ചെയ്ത സംഭവത്തിലാണ് തെറ്റ് റോഡില്‍ വാഹനപരിശോധന നടക്കുന്ന സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാന്‍ കഴിയാത്ത വനംവകുപ്പ് മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വയനാട്ടില്‍ മാനന്തവാടി-കുട്ട ദേശീയപാതയില്‍ മാത്രമാണ് നിലവില്‍ രാത്രിയാത്രാ നിരോധനമില്ലാത്തതെന്നും ഈ റൂട്ടിലും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന വനംവകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ ജംഗിള്‍ സഫാരി നടത്താന്‍ അനുമതിയുള്ള നാട്ടില്‍ സാധാരണക്കാരന്റെ യാത്ര വനംവകുപ്പ് തടയുന്നത് വിരോധാഭാസമാണെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണോയെന്ന് ബന്ധപ്പെട്ട എംഎല്‍എ വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജിതിന്‍ കെ.ആര്‍., തിരുനെല്ലി മേഖലാ സെക്രട്ടറി നിതിന്‍ കെ.സി., ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് കെ.കെ., രഞ്ജിത് പി.ആര്‍., ജൂഡിറ്റ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
7:11അങ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
