ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
പുല്പ്പള്ളി: കേരള കര്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കു കുറുകെ വിഭാവന ചെയ്ത ബൈരക്കുപ്പ പാലം നിര്മ്മാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ട ശേഷം 32 വര്ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിര്മ്മാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധന് പദ്ധതിയില് പാലം നിര്മ്മാണത്തിന് 27 കോടി രൂപ അനുവദിച്ചു. 40 കോടിയുടെ പദ്ധതിയാണ് കേരള സര്ക്കാര് ആദ്യം കേന്ദ്രത്തിനു സമര്പ്പിച്ചത്. എന്നാല് കഴിഞ്ഞമാസം 8ന് ദേശീയപാതാ വിഭാഗം ചീഫ് എന്ജിനീയര് 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയ്യാറാക്കി സമര്പ്പിക്കുകയും അതിന് അനുമതി നല്കുകയുമായിരുന്നു. കേന്ദ്ര അടിസ്ഥാന റോഡ് വികസന ഫണ്ടില് നിന്ന് തുക അനുവദിക്കുന്നതിനാല് അവരുടെ മാര്ഗനിര്ദേശങ്ങള് പാലിച്ച് കേരള സര്ക്കാരിന്റെ ഉത്തരവാദിത്തത്തില് പാലം നിര്മ്മാണം നടത്തണമെന്നാണ് നിര്ദ്ദേശം. കര്ണാടക സര്ക്കാരും കേന്ദ്രത്തിന് താല്പര്യപത്രം നല്കിയിരുന്നു. സാമ്പത്തിക ബാധ്യതകളൊന്നും കര്ണാടകം വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്മ്മാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമെടുപ്പ്, നിര്മ്മാണം, മേല്നോട്ടം, അറ്റകുറ്റപ്പണികള് എന്നിവയെല്ലാം കേരളാ മരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിര്മ്മാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. കബനിക്കു കുറുകെ പാലം നിര്മ്മിക്കാന് 1994 സെപ്റ്റംബര് 24നാണ് കേരളകര്ണാടക മുഖ്യമന്ത്രിമാര് ചേര്ന്ന് തറക്കല്ലിട്ടത്. അതിനുശേഷം വിവിധ കാരണങ്ങളാല് നിര്മ്മാണം ആരംഭിക്കാനായില്ല. വയനാട് എംപി പ്രിയങ്ക ഗാന്ധി താല്പര്യമെടുത്താണ് പാലം നിര്മ്മാണത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. ഏതാനും മാസങ്ങള്ക്ക് മുന്പ് അവര് പെരിക്കല്ലൂരിലെത്തി സ്ഥലം സന്ദര്ശിച്ച് കാര്യങ്ങള് മനസ്സിലാക്കി. പിന്നീട് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി, കര്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര് എന്നിവരെ കണ്ട് പാലം യാഥാര്ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംസ്ഥാന മരാമത്ത് മന്ത്രി പി.കെ ബഷീറും ഇക്കാര്യങ്ങളില് ഇടപെടല് ശക്തമാക്കിയിരുന്നു. മരാമത്ത് വകുപ്പ് ചീഫ് എന്ജിനീയര് ഉള്പ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂര് സന്ദര്ശിച്ച് കാര്യങ്ങള് വിലയിരുത്തി.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
