രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില് യാഥാര്ത്ഥ്യമാകുന്നു
കോട്ടത്തറ: ദുരന്തമുഖങ്ങളില് നിന്നും മനുഷ്യര്ക്കൊപ്പം വളര്ത്തുമൃഗങ്ങളെയും സുരക്ഷിതമായി മാറ്റിപ്പാര്പ്പിക്കുന്നതിന് രാജ്യത്തെ ആദ്യ ദുരിതാശ്വാസ കേന്ദ്രം ജില്ലയിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ചീരകത്ത് യാഥാര്ത്ഥ്യമാകുന്നു. പ്രകൃതിദുരന്തങ്ങളില് അകപ്പെടുന്ന കന്നുകാലികളെയും മറ്റ് വളര്ത്തുമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാതൃക പദ്ധതിക്ക് രൂപം നല്കിയതെന്ന് ദുരിതാശ്വാസ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. ദുരന്ത മുന്നറിയിപ്പുകള് ലഭിക്കുമ്പോള് തന്നെ മൃഗങ്ങളെ മുന്കൂട്ടി മാറ്റിപ്പാര്പ്പിച്ച് തീറ്റ, വെള്ളം, അടിസ്ഥാന വെറ്ററിനറി പരിചരണം എന്നിവ ഉറപ്പാക്കാന് കേന്ദ്രത്തിലൂടെ സാധിക്കും. ഒരേസമയം 100 മുതല് 150 വരെ വളര്ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്. ദുരന്ത സമയങ്ങളില് കന്നുകാലികളെയും അരുമ മൃഗങ്ങളെയും കൂടെക്കൂട്ടാന് കഴിയാത്തതിന്റെ വിഷമത്തില് കഴിയുന്ന കര്ഷകര്ക്ക് മൃഗസംരക്ഷണ ദുരിതാശ്വാസ പുനരധിവാസ കേന്ദ്രം ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടത്തിപ്പിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഹ്യൂമന് വേള്ഡ് ഫോര് ആനിമല്സ് ഇന്ത്യയുമാണ് തുക വകയിരുത്തിയത്. ഒരു കോടി ചെലവിലാണ് ദുരിതാശ്വാസ കേന്ദ്രം നിര്മ്മിക്കുന്നത്. എം.എല്.എ ഉഷ വിജയന് അധ്യക്ഷയായ പരിപാടിയില് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മെമ്പര് സെക്രട്ടറി ഡോ. ശേഖര് കുര്യാക്കോസ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത, വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, ഹ്യൂമന് വേള്ഡ് മാനേജിങ് ഡയറക്ടര് ആലോക്പര്ണ സെന്ഗുപ്ത, സീനിയര് മാനേജര് പ്രവീണ് സുരേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്പേഴ്സണ്മാരായ ഇ.ആര് പുഷ്പ, പി.പി രനീഷ്, ലീലാമ്മ ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങളായ നസീമ ടീച്ചര്, എം.ജി ജെനിമോള്, സലാം നീലിക്കണ്ടി, ഉദ്യോഗസ്ഥര് എന്നിവര് സംസാരിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
