വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
മാനന്തവാടി: കോടതി വിധിയുടെ ഭാഗമായി വയനാട്ടിലെ ആസ്പിരേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച മെഡിക്കല്‍ കോളേജിന്റെ വികസനം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ( എച്ച്ആര്‍സിപിസി) വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷമായി മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവുമാണ് ഒരുക്കേണ്ടത്. ഇതിന് പകരം പ്രാദേശിക വാദത്തിന്റെ പേരില്‍ പരസ്പരം ഭിന്നിച്ച് വികസനത്തിന് തടസ്സം നില്‍ക്കരുതെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഭരണം മാറുമ്പോള്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തുന്നത് വികസന തുടര്‍ച്ചയെ ബാധിക്കുകയും നാടിനെ മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് നിര്‍ധനരായ പിന്നോക്ക വിഭാഗത്തിലെ രോഗികളാണ്. വയനാട്ടില്‍ മികച്ച ചികിത്സ ലഭിക്കാത്തതിനാല്‍ ഇന്നും ആളുകള്‍ ചുരമിറങ്ങേണ്ട അവസ്ഥയിലാണ്.
നിരവധി ആളുകള്‍ക്ക് മികച്ച ചികിത്സ വൈകിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ നേതൃത്വം ഭൂമാഫിയയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കടിപിടി കൂടുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
മാനന്തവാടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിന്റെ സമീപത്തുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. ഇങ്ങനെ ഒഴിവുവരുന്ന സ്ഥലം ഉപയോഗിച്ച് മെഡിക്കല്‍ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. വയനാട്ടുകാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും നിലവില്‍ പഠനം ആരംഭിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും അധികൃതര്‍ അടിയന്തരമായി സൗകര്യമൊരുക്കണമെന്നും എച്ച്.ആര്‍.സി.പി.സി വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ എച്ച്ആര്‍സി പി സി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോണ്‍ മാസ്റ്റര്‍, സംസ്ഥാന ജോ. സെക്രട്ടറി എന്‍ കെ .കുര്യന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായഗോവിന്ദ് രാജ് , ജില്ലാ പ്രസിഡന്റ് രാജേഷ് . ടി.കെ ,ജില്ലാ വനിത സെക്രട്ടറി ഗ്രേസി ജെയിംസ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
