OPEN NEWSER

Friday 09. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി

  • Mananthavadi
09 Oct 2026

മാനന്തവാടി: മെഡിക്കല്‍ കോളേജിനായി പാരിസണ്‍ എസ്‌റ്റേറ്റില്‍നിന്ന് 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും പകരമായി സമീപത്തെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കുന്നതിനുമുള്ള നീക്കം ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി. പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാന്‍ മാനന്തവാടി നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും നടത്തുന്ന നീക്കം അപകടകരമാണെന്നും കമ്മിറ്റി ആരോപിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ ഭൂമി അന്വേഷണങ്ങള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് പാരിസണ്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയെന്ന നഗരസഭാ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി സിവില്‍ കോടതി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ധാരണ ദുരൂഹതയുണ്ടാക്കുന്നതായും കമ്മിറ്റി ആരോപിച്ചു.

2004 ഡിസംബര്‍ 24ന് ആസാം ബ്രൂക്കില്‍നിന്ന് പാരിസണ്‍ എസ്‌റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് െ്രെപവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത 4,025 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിവേദിത പി. ഹരന്‍ 2007ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ സര്‍ക്കാര്‍ എം.ജി. രാജമാണിക്യം ഐ.എ.എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ആസാം ബ്രൂക്കിന്റെ കൈവശമുള്ള 4,025 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഏറ്റെടുക്കണമെന്നും രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയതായി ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

ഇതിനെതിരെ പാരിസണ്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ സിവില്‍ കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചതെന്ന് കമ്മിറ്റി വിശദീകരിച്ചു. ഉടമസ്ഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ഭൂനികുതി സ്വീകരിക്കുന്നത് തടഞ്ഞ നടപടിക്കെതിരായ കേസില്‍ നികുതി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും, നികുതി അടയ്ക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിക്കുന്നതിന് തുല്യമല്ലെന്നും സിവില്‍ കേസിനെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

തര്‍ക്കഭൂമിയില്‍നിന്ന് 25 ഏക്കര്‍ ഏറ്റെടുക്കുകയും സമീപത്തെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കുകയും ചെയ്യുന്നത് നിലവിലെ കേസില്‍ സര്‍ക്കാരിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ പരോക്ഷമായി അംഗീകരിച്ചുവെന്ന വാദം ഭാവിയില്‍ കമ്പനി കോടതിയില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.

കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം തോട്ടങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഇളവുകള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന വ്യവസ്ഥയും കമ്മിറ്റി ചൂണ്ടിക്കാട്ടി. 25 ഏക്കര്‍ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കുന്നത് മറ്റ് വന്‍കിട തോട്ടം ഉടമകള്‍ക്കും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വഴിയൊരുക്കുമെന്നും ഇത് സംസ്ഥാനത്തെ തോട്ടം ഭൂമികളുടെ തരംമാറ്റത്തിന് മാതൃകയാകുമെന്നും കമ്മിറ്റി ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരുമായി ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കെ പാരിസണ്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ മാനന്തവാടി നഗരസഭാ ചെയര്‍മാനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് കമ്മിറ്റി ചോദിച്ചു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അറിവില്ലാതെ മെഡിക്കല്‍ കോളേജിന്റെ പേരില്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതും തുടര്‍ന്ന് നഗരസഭാ ഭരണസമിതി പത്രസമ്മേളനം നടത്തി വിവരം അറിയിച്ചതും ഗൗരവമായി പരിശോധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മാനന്തവാടി മെഡിക്കല്‍ കോളേജിന് ആവശ്യമായ ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവനയായി നല്‍കിയതും സര്‍ക്കാരിന്റെ കൈവശമുള്ളതുമായ കോട്ടത്തറ വില്ലേജിലെ 54 ഏക്കര്‍ ഭൂമിയില്‍ കെട്ടിടനിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാനന്തവാടി ജില്ലാ ആശുപത്രി ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി നിലനിര്‍ത്തുകയും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മടക്കിമലയിലേക്ക് മാറ്റുകയും ചെയ്യണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് കുട്ടി, അഡ്വ. ടി.യു. ബാബു, അബ്ദുല്‍ ഖാദര്‍ മടക്കിമല, ഇഖ്ബാല്‍ മുട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show