ദേവറ് തുല്ല്യ മാനന്തവാടി ജനഗളു..! ഹൃദയം നിറഞ്ഞ് കന്നട സ്വാമിമാര്‍

ശബരിമല തീര്‍ത്ഥാടന യാത്രക്കിടെ ബസ് അപകടത്തില്‍ പെട്ട് ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശികള്‍ സ്വദേശത്തേക്ക് മടങ്ങി. ആശുപത്രി അധികൃതരോടൊപ്പം മാനന്തവാടി പൊതുസമൂഹത്തിന്റെ സ്നേഹവായ്പിനു മുന്നില്‍ നിറകണ്ണുകളോടെ നന്ദി രേഖപ്പെടുത്തിയാണ് തീര്‍ത്ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങിയത്. ചികിത്സാ സൗകര്യം, ഭക്ഷണം, മടക്കയാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ എന്നിവയെല്ലാം ഏര്‍പ്പാടാക്കാന്‍ നേതൃത്വം നല്‍കിയ മാനന്തവാടി എം.എല്‍.എ ഒആര്‍ കേളുവിനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്താനും ഇവര്‍ മറന്നില്ല.
ഇന്നലെ കൊയിലേരി ബസ്സപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുപ്പതോളം അയ്യപ്പ ഭക്തര്‍ക്ക് മികച്ച ചികിത്സ-ചികിത്സാനുബന്ധ സൗകര്യമാണ് മാനന്തവാടി ജില്ലാശുപത്രിയില്‍ ലഭിച്ചത്. പ്രത്യേക വാര്‍ഡ് തയ്യാറാക്കി സൗജന്യപരിശോധനകളും മറ്റും നല്‍കിയതിനോടൊപ്പം പരുക്കേറ്റ മുഴുവനാളുകള്‍ക്കുമുള്ള ഭക്ഷണവും, കുടിവെള്ളവും മാനന്തവാടിയിലെ നല്ലവരായ പൊതുജനം ഏര്‍പ്പാടാക്കിയിരുന്നു. എം.എല്‍.എ ഒആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ഇന്ന് രണ്ട് വാഹനങ്ങകള്‍ ഏര്‍പ്പാടാക്കി തീര്‍ത്ഥാടകരെ തിരികെ സ്വദേശത്തേക്ക് യാത്രയാക്കി. ഗുരുതരപരുക്കേറ്റ ബാലികയുള്‍പ്പെടെയുള്ള നാല് രോഗകള്‍ക്കുമായി ഒരു ട്രാവലര്‍ ബംഗളുരുവരെ ഏര്‍പ്പാടാക്കി നല്‍കി. മറ്റ് തീര്‍ത്ഥാടകര്‍ക്കായി മറ്റൊരുവാഹനം ബാവലിവരെ പോകുകയും അവിടെവെച്ച് അപകടത്തില്‍പെട്ട ബസ്സിന്റെ ഉടമ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ അവരെ കയറ്റിവിടുകയും ചെയ്യും.
ദേശ ഭാഷാ ബന്ധമില്ലാതിരുന്നിട്ടുകൂടി തങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിചരിച്ച മാനന്തവാടിക്കാര്‍ നിറകണ്ണുകളോടെ നന്ദിയര്‍പ്പിച്ചാണ് തീര്‍ത്ഥാടകസംഘം മടങ്ങിയത്. ഡിഎംഒ ഡോ.ജിതേഷടക്കമുള്ള ആശുപത്രി അധികൃതരേയും, മറ്റ് ജീവനക്കാരേയും പ്രത്യേകം അഭിനന്ദിച്ചതിനോടൊപ്പം എംഎല്‍എയുടേയും മറ്റ് കക്ഷി രാഷ്ട്രീയ പ്രതിനിധികളേയും മറ്റ് സുമനസ്സുകളേയും അവര്‍ പ്രത്യേകം അഭിനന്ദിക്കുകയും തങ്ങളുടെ നന്ദിയര്‍പ്പിക്കുകയും ചെയ്തു. എന്നെങ്കിലും തങ്ങളുടെ നാട്ടില്‍വരികയാണെങ്കില്‍ ഇതിന് പരോപകാരമായി എന്തും ചെയ്യുമെന്ന വാഗ്ദാനവുമായാണ് കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ മടങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍