മസാലബോണ്ട് ലാവ്‌ലിനുള്ള പ്രത്യുപകാരം; ഇ.ഡി നോട്ടീസ് സി.പി എമ്മിനെ സഹായിക്കാനുള്ള ബിജെപിയുടെ തന്ത്രം: രമേശ് ചെന്നിത്തല
കല്‍പ്പറ്റ: ലാവ്‌ലിന്‍ ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകാരമാണ് മസാലബോണ്ടുമായി ബന്ധപ്പെട്ട് നടന്നതെന്നും, തെരഞ്ഞെടുപ്പ് അടക്കുമ്പോഴുള്ള ഇ ഡി നോട്ടീസ് സി പി എമ്മിനെ സഹായിക്കാനുള്ള ബി ജെ പിയുടെ തന്ത്രമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2150 കോടി രൂപയാണ് മസാലബോണ്ട് ഇനത്തില്‍ കിഫ്ബിക്ക് ലഭിച്ചത്. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെയാണ് ഈ തുക വാങ്ങാന്‍ തീരുമാനമെടുത്തത്. കാനഡയിലെ സിഡിപിയു എന്ന കമ്പനിയുമായാണ് ഇടപാടുകള്‍ നടന്നത്. ഇവര്‍ക്ക് ലാവ്‌ലിന്‍ കമ്പനിയില്‍ 20 ശതമാനം ഷെയറുണ്ട്. ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണ് ഇത്രയും തുകക്ക് മസാല ബോണ്ട് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോയ്ക്കായി ഫ്രഞ്ച് കമ്പിനിയായ എ ഡി എഫില്‍ നിന്നും 1350 കോടി രൂപ കടമെടുത്തത് 1.5 ശതമാനം പലിശക്കായിരുന്നു. വാട്ടര്‍മെട്രോയ്ക്ക് ജര്‍മ്മന്‍ കമ്പനിയില്‍ നിന്നും 582 കോടി രൂപ വായ്പയെടുത്തത് 1.55 ശതമാനം മാത്രം പലിശക്കായിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ഏഴും എട്ടും ശതമാനം പലിശക്ക് പണം കിട്ടുമെന്നിരിക്കെയാണ് അത് വാങ്ങാതെ ലാവ്‌ലിനുമായി ബന്ധപ്പെട്ട കമ്പനിക്ക് ഈ മസാലബോണ്ട് കൊടുത്തത് എന്നതാണ് ആക്ഷേപം. 1045 കോടി രൂപയാണ് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ കമ്പനിക്ക് കിട്ടിയത്. ഈ വിഷയത്തില്‍ തോമസ് ഐസക് പച്ചക്കള്ളമാണ് പറയുന്നത്. ഈ വിഷയത്തില്‍ മുഴുവന്‍ രേഖകളും പ്രതിപക്ഷനേതാവായിരുന്ന സമയത്ത് പുറത്തുകൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ മുഖം നഷ്ടപ്പെട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ സഹായിക്കാനാണ് ഇ ഡി ഇപ്പേള്‍ നോട്ടീസുമായി എത്തിയിരിക്കുന്നത്. മസാലബോണ്ടിലെ അഴിമതി അന്വേഷിക്കേണ്ടതാണ്. എന്നാല്‍ അതിനല്ല ഇ ഡി മുന്നോട്ടുവന്നിരിക്കുന്നത്. മസാലബോണ്ട് തന്നെ ഭരണഘടനാവിരുദ്ധമാണ്. വിദേശമാര്‍ക്കറ്റുകളില്‍ നിന്നും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. വാങ്ങുകയാണെങ്കില്‍ തന്നെ അതിന് അനുമതി വാങ്ങണം. റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയെന്നാണ് പറയുന്നത്. വാങ്ങിയാല്‍ തന്നെ അതുകൊണ്ട് കാര്യമില്ല. ഇവിടെ ഫെമ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ബോധപൂര്‍വം ലാവ്‌ലിനെ സഹായിക്കാന്‍ കൊണ്ടുവന്ന പരിപാടിയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് കിഫ്ബി മുഖേന ഒരു ലക്ഷം കോടി രൂപയുടെ വികസനം നടന്നുവെന്നാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം ആകെ 1183 പദ്ധതികളില്‍ 7043 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 693 പദ്ധതികള്‍ മാത്രമാണ് 10 വര്‍ഷത്തിനിടയില്‍ തുടങ്ങിയത്. 60 ശതമാനം ഫണ്ട് പോലും വികസനത്തിന് ചിലവഴിച്ചിട്ടില്ല. പിന്നെയെന്തിനാണ് കടം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 156 കോടി രൂപയാണ് കിഫ്ബിയുമായി ബന്ധപ്പെട്ട പരസ്യത്തിനായി നല്‍കിയിരിക്കുന്നത്. ഇതില്‍ ദേശാഭിമാനിക്കും, ചിന്താപബ്ലിക്കേഷനും, സ്വകാര്യവ്യക്തികള്‍ക്കും കോടികള്‍ നല്‍കിയപ്പോള്‍ പല പ്രമുഖ ചാനലുകളെയും പത്രങ്ങളെയും ഒഴിവാക്കിയെന്നും പെയ്ഡ് ന്യൂസിന്റെ സംസ്‌ക്കാരം കിഫ്ബിയിലൂടെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വര്‍ണകൊള്ളയില്‍ മന്ത്രിമാരെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അതിലൂടെ മാത്രമെ കൂടുതല്‍ വസ്തുതകള്‍ പുറത്തുവരികയുള്ളു. മന്ത്രിമാര്‍ ജയിലില്‍ പോകേണ്ടതാണ് കേസിന്റെ അടുത്തഘട്ടം. കേസില്‍ സി പി എമ്മിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി നടപടി സ്വീകരിക്കുന്നില്ല, സ്വര്‍ണകൊള്ളയെ സി പി എം നിസാരവത്ക്കരിക്കുകയാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കോടതിയുടെ മേല്‍നോട്ടമുള്ളതാണ് ജനങ്ങളുടെ ഏകആശ്വാസം. അതുകൊണ്ട് തന്നെ ഈ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോള്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് നിന്നും മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തതാണ്. കോണ്‍ഗ്രസ് ധാര്‍മ്മികത ഉയര്‍ത്തിപിടിച്ചാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ദിഖ് എം എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, കെ പി സി സി മെമ്പര്‍ പി പി ആലി, എം എ ജോസഫ്, വി എ മജീദ്, കെ വി പോക്കര്‍ഹാജി, എച്ച് ഡി പ്രദീപ്മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട്ടില്‍ യു ഡി എഫ് മികച്ച വിജയം നേടും: രമേശ് ചെന്നിത്തല
കല്‍പ്പറ്റ: വയനാട്ടില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലപഞ്ചായത്തില്‍ 17 ഡിവിഷനുകളിലും, 59 ബ്ലോക്ക് ഡിവിഷനുകളിലും, 103 മുന്‍സിപ്പല്‍ ഡിവിഷനുകളിലും, 450 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആവേശകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. 2010ലുണ്ടായത് പോലെ വലിയ വിജയമായിരിക്കും ഇത്തവണയുണ്ടാകുകയെന്നും ചെന്നിത്തല പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
