വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
കേണിച്ചിറ: പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐയെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടില്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്.
18ന് വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന പ്രതിക്ക് കുറ്റകൃത്യവുമായി ബന്ധപ്പെട്ട നോട്ടീസ് നല്‍കാന്‍ വനിതാ എസ്.ഐ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും എസ്.ഐയെ ശാരീരികമായി ഉപദ്രവിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതായും പൊലീസ് ആരോപിക്കുന്നു.
അക്രമം തടയാന്‍ ശ്രമിച്ച എ.എസ്.ഐ, സി.പി.ഒമാര്‍ എന്നിവരെയും മര്‍ദിച്ചതായി പറയുന്നു. വൈദ്യപരിശോധനയ്ക്കായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വനിതാ എസ്.ഐയെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ഇയ്യാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
രാഹുല്‍ ലഹരി കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ബത്തേരി ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
