കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
പൊന്നാനി: കോഴിക്കോട് മുതല്‍ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉള്‍പ്പെടെയുള്ള ഭാവി റെയില്‍വേ വികസന പദ്ധതികളിലേക്ക് വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഇതുസംബന്ധിച്ച് മെട്രോമാന്‍ ഇ.ശ്രീധരനുമായി വിശദമായ ചര്‍ച്ച നടത്തിയതായി മന്ത്രി അറിയിച്ചു.ഇ.ശ്രീധരനെ പൊന്നാനിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മന്ത്രി, വയനാടിന്റെ ദീര്‍ഘനാളത്തെ റെയില്‍വേ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിവിധ സാധ്യതകള്‍ സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തി. നഞ്ചങ്കോട്–നിലമ്പൂര്‍ റെയില്‍പാത ഉള്‍പ്പെടെ വയനാട്ടിലേക്ക് റെയില്‍വേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
നഞ്ചങ്കോട്–നിലമ്പൂര്‍ റെയില്‍പാത സംബന്ധിച്ച് ഇ. ശ്രീധരന് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മുതല്‍ ബത്തേരി വരെ നീളുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി വയനാടിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
വയനാടിന്റെ റെയില്‍വേ വികസന സാധ്യതകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായും വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുമായും തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
നഞ്ചങ്കോട്–നിലമ്പൂര്‍ റെയില്‍പാതയുടെ ഡി.പി.ആര്‍. തയ്യാറാക്കുകയും സാധ്യതാപഠനം നടത്തുകയും ചെയ്തിരുന്നതാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇതിനായി അന്ന് ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ മൈസൂരു–തലശ്ശേരി റെയില്‍പാതയുടെ സാധ്യതകളും പഠിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഡി.എം.ആര്‍.സി. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ട് മൈസൂരു–തലശ്ശേരി പാതയ്ക്ക് അനുകൂലമല്ലാത്തതിനാല്‍ ആ സാധ്യതയും പിന്നീട് മങ്ങുകയായിരുന്നു.
റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന യാത്രാദുരിതം നേരിടുന്ന ജില്ലയാണ് വയനാട്. എല്ലാ വികസന സൂചികകളിലും പിന്നില്‍ നില്‍ക്കുന്ന വയനാടിന്റെ സമഗ്ര വികസനത്തിന് മികച്ച റെയില്‍വേ കണക്റ്റിവിറ്റി അനിവാര്യമാണ്. വയനാട്ടിലേക്ക് റെയില്‍വേ ലൈന്‍ എത്തിക്കുക എന്നത് ജില്ലയുടെ ദീര്‍ഘകാല ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
വയനാടിന്റെ റെയില്‍വേ വികസനമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ച് വയനാടിന് പ്രയോജനകരമായ ഒരു റെയില്‍വേ കണക്റ്റിവിറ്റി യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
